ശിവകാർത്തികേയൻ നായകനായ തമിഴ് ചിത്രം അമരൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതം മനോഹരവും വൈകാരികവുമായി സിനിമയില്‍ വരച്ചുകാട്ടുന്നതായാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇത് ആദ്യമായല്ല മേജർ മുകുന്ദ് വരദരാജനെക്കുറിച്ച് ഒരു സിനിമയിൽ പ്രതിപാദിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു സിനിമയിൽ മേജർ മുകുന്ദിനെക്കുറിച്ച് പരാമർശമുണ്ടായിട്ടുണ്ട്, അതും ഒരു മലയാളം സിനിമയിൽ. 2015ൽ മേജർ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 എന്ന സിനിമയിൽ മേജർ മുകുന്ദ് വരദരാജനെക്കുറിച്ച് ഒരു പരാമർശമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്.
സിനിമയിലെ ഒരു രംഗത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഹരീന്ദ്രൻ എന്ന കഥാപാത്രം മറ്റൊരു സൈനികനെ ഫോണിൽ വിളിക്കുന്ന രംഗമുണ്ട്. ഇരുവർക്കുമിടയിലെ സംഭാഷണത്തിനിടയിൽ ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള സൈനികൻ 'കഴിഞ്ഞ ആഴ്ച മൂന്നുപേർ പോയി… മേജർ മുകുന്ദൻ സാർ ഉൾപ്പടെ' എന്ന് പറയുന്നുണ്ട്. ഉടൻ അത് കേട്ട് ഞെട്ടിയ പൃഥ്വി 'അയ്യോ മുകുന്ദ് സാറോ… എന്നിട്ട്?' എന്ന് ചോദിക്കുന്നു. 'എന്നിട്ട് എന്താ എല്ലാവരും കൂടി ഒരു സല്യൂട്ട് കൊടുത്ത് പറഞ്ഞയച്ചു' എന്ന് സൈനികൻ പറയുമ്പോൾ 'അയ്യോ മൂന്ന് വയസ്സുള്ള ഒരു മോളായിരുന്നു മുകുന്ദ് സാറിന്' എന്നാണ് പൃഥ്വിരാജിന്റെ മറുപടി.
#Amaran Major Mukund reference in Major Ravi - Prithviraj Sukumaran @PrithviOfficial Malayalam film #Picket43 (2015)..!!pic.twitter.com/ktYoG3agYX
— AB George (@AbGeorge_) November 12, 2024
ഈ രംഗത്തിൽ പറയുന്ന മുകുന്ദ്, മേജർ മുകുന്ദ് വരദരാജനാണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ അഭിപ്രായം. സിനിമയിലെ രംഗത്തിൽ മകളെക്കുറിച്ചുള്ള പരാമർശമാണ് ഇതിന് തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നത്. മേജർ മുകുന്ദ് വരദരാജിനും ഒരു മകളുണ്ട്. മകൾക്ക് മൂന്ന് വയസുള്ളപ്പോഴാണ് അദ്ദേഹം വീരമൃത്യൂ വരിച്ചത്.
അതേസമയം അമരൻ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഇതോടെ ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് ഈ നേട്ടം. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിൽ സായ് പല്ലവിയാണ് നായികാ വേഷത്തിലെത്തിയത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്.
Content Highlights: Major Mukund Varadarajan reference in Picket 43 gone viral in social media