സുരാജ് വെഞ്ഞാറമൂട്, ഹൃദു ഹാറൂൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് 'മുറ'. ഒരു ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമയിൽ അനി എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് നടക്കുമ്പോൾ തന്നെ സുരാജേട്ടൻ ആയിരുന്നു ആദ്യചോയിസ് എന്ന് സംവിധായകൻ മുസ്തഫ പറഞ്ഞു.
ഒട്ടും ലൗഡ് അല്ലാത്ത, അണ്ടർപ്ലെ ചെയ്യേണ്ട ഒരു കഥാപാത്രമാണ് അനി എന്ന് ആദ്യമേ സുരാജേട്ടനോട് പറഞ്ഞിരുന്നു. അദ്ദേഹം കണ്ടിട്ടുള്ള കുറെ ആളുകളുടെ മാനറിസംസ് സുരാജേട്ടൻ തന്നെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നിരുന്നെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ മുസ്തഫ പറഞ്ഞു.
'കാസ്റ്റിംഗ് തീരുമാനിക്കുമ്പോൾ തന്നെ ആദ്യ ചോയ്സ് സുരാജേട്ടൻ ആയിരുന്നു. അനിലേട്ടൻ (അനിൽ നെടുമങ്ങാട്) ഉണ്ടായിരുന്നെങ്കിൽ അവർ രണ്ട് പേരിൽ ആരെങ്കിലും ഒക്കെ ഉണ്ടോ എന്ന് നോക്കുമായിരുന്നു. പക്ഷെ അനിലേട്ടൻ നമ്മളെ വിട്ടു പോയൊരു നല്ല അഭിനേതാവാണ്. പിന്നെ സുരാജേട്ടൻ അല്ലാതെ നമ്മുടെ മുൻപിൽ വേറെ ഓപ്ഷൻ ഇല്ലായിരുന്നു. അനിയെ അവതരിപ്പിക്കുമ്പോൾ ചില റിയൽ ആളുകളെ ആരെയൊക്കെയോ ഓർമ വന്നു എന്ന് സുരാജേട്ടൻ പറഞ്ഞിരുന്നു', മുസ്തഫ പറഞ്ഞു.
കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ്, മാല പാർവതി എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിര്‍വഹിച്ചത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. സിനിമയിലെ ഹൃദുവിന്റെ പ്രകടനത്തെയും ആക്ഷൻ സീനുകളെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്.
Content Highlights: Suraj Venjaramoodu was the first choice for Mura says Musthafa