ദുൽഖർ സൽമാൻ നായകനായെത്തിയ ലക്കി ഭാസ്കർ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ തെലുങ്കിലും മലയാളത്തിലും മാത്രമല്ല തമിഴകത്തും മികച്ച കളക്ഷനാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാകൾ '100 കോടി മെഗാ ബ്ലോക്ക് ബസ്റ്റർ വിജയം' ട്രെയ്ലർ പങ്കുവെച്ചാണ് അറിയിച്ചിരിക്കുന്നത്.
തെലുങ്കിൽ ഈ ചിത്രത്തിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. രണ്ടാം വാരത്തിലും കേരളത്തിലും ആഗോള തലത്തിലും വമ്പൻ പ്രേക്ഷക പ്രശംസ നേടിയും ബോക്സ് ഓഫീസ് പ്രകടനം കാഴ്ച വെച്ചുമാണ് ലക്കി ഭാസ്കർ വിജയം തുടരുന്നത്.
സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 10 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12 ദിവസങ്ങൾ കൊണ്ടാണ് സിനിമ തമിഴ്‌നാട്ടിൽ ഇത്രയും തുക നേടിയത്. ശിവകാർത്തികേയൻ ചിത്രം അമരൻ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് ലക്കി ഭാസ്കറിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.
Content Highlights: Dulquer Salmaan starrer Lucky Bhaskar entered the 100 crore club