ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു എന്ന വാർത്തകൾ ഏതാനും നാളുകളായി സിനിമാപ്രേമികൾക്കിടയിൽ ചർച്ചാവിഷയമാണ്. 'ഇൻസ്പെക്ടർ ബൽറാം' എന്ന ചൂടൻ പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. 2025 ജനുവരി 3ന് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും.
2k യിൽ 7.1 ഡോൾബി അറ്റ്മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. 1986 സെപ്റ്റംബർ 12 ന് റീലീസ് ചെയ്ത ആവനാഴി മലയാള സിനിമ അന്നേ വരെ കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ വിജയമായിരുന്നു. ടി ദാമോദരൻ്റെ രചനയിൽ ഐ വി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. സർവകാല റെക്കോർഡ് ഇനിഷ്യൽ കളക്ഷനോടെ തുടക്കം കുറിച്ച ചിത്രം അന്ന് റിലീസ് ചെയ്ത 20 തിയേറ്ററിലും റെഗുലർ ഷോകളോടെ 25 ദിവസം പൂർത്തിയാക്കുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. 100 ദിവസവും കടന്നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചത്.
മമ്മൂട്ടിയെ കൂടാതെ ഗീത, സീമ, സുകുമാരൻ, ക്യാപ്റ്റൻ രാജു, ജനാർദനൻ, ജഗന്നാഥ വർമ്മ, ഇന്നസെൻ്റ്, തിക്കുറിശി സുകുമാരൻ നായർ, ശ്രീനിവാസൻ, ശങ്കരാടി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1991ൽ ഇൻസ്പെക്ടർ ബൽറാം എന്ന പേരിൽ ആവനാഴിക്ക് ഒരു രണ്ടാം ഭാഗം വന്നപ്പോൾ അത് ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.
Content Highlights: Mammootty classic movie Aavanazhi set for 4K re-release next year