മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ കാമിയോ വേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോർട്ടുകളുമുണ്ട്. ഇപ്പോഴിതാ സിനിമയിൽ ജോയിൻ ചെയ്യുന്നതിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചുവന്ന വാർത്തകളാണ് വരുന്നത്.
മോഹൻലാൽ വിമാനം കയറുന്നതിനായി എയർപോർട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നടനൊപ്പം നിർമാതാവ് ആന്റോ ജോസഫിനെയും ദൃശ്യങ്ങളിൽ കാണാം. മോഹൻലാൽ ആരാധകർ ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. 'എന്താ മോനെ അടിമുടി കയ്യടി വാങ്ങാനുള്ള പോക്കാണോ', 'തിയേറ്ററുകളിൽ തീ പിടിക്കും' 'ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ്' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
Lalettan off to Srilanka To Join Mahesh Narayanan Movie ❤️@Mohanlal pic.twitter.com/JB4VX46j92
— Southwood (@Southwoodoffl) November 14, 2024
മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം ഈ മാസം 16ന് ശ്രീലങ്കയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏഴുദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ നടക്കുക. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും സെറ്റിൽ ജോയിൻ ചെയ്യുമെന്നും പറയപ്പെടുന്നു. ശ്രീലങ്കയ്ക്ക് ശേഷം ഷാർജയിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്. കേരളത്തിലും ഡൽഹിയിലും ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്.
ചിത്രത്തിൽ മോഹൻലാൽ ഒരു പുതിയ ഗെറ്റപ്പിലാകും എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. നടൻ കട്ടി മീശ മാത്രം വെച്ചുള്ള പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥയാകും ഈ ചിത്രത്തിന്റേതെന്ന് കുഞ്ചാക്കോ ബോബന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
Content Highlights: Mohanlal flew off to Srilanka for Mahesh Narayanan project