മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും സിനിമയുടെ മേലുള്ള ഹൈപ്പിന് ഒരു കുറവുമില്ല. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണവും. ഇപ്പോഴിതാ സിനിമയുടെ ഹൈപ്പ് വീണ്ടും കൂട്ടുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദനായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാകും ഇത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത്
മനുഷ് നന്ദനാണ്.
മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം ഈ മാസം 16ന് ശ്രീലങ്കയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏഴുദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ നടക്കുക. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും സെറ്റിൽ ജോയിൻ ചെയ്യുമെന്നും പറയപ്പെടുന്നു. ശ്രീലങ്കയ്ക്ക് ശേഷം
ഷാർജയിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്. കേരളത്തിലും ഡൽഹിയിലും ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥയാകും ഈ ചിത്രത്തിന്റേതെന്ന് കുഞ്ചാക്കോ ബോബന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
Content Highlights: Reports that Dunki cinematographer to join in Mahesh Narayanan movie