മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചു. സംവിധായകന്‍ ഫാസിലാണ് വീഡിയോയിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 25നാണ് ബറോസ് തിയേറ്ററുകളിലെത്തുക. ക്രിസ്മസ് റിലീസായി ചിത്രമെത്തുന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മോഹന്‍ലാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭവും പുറത്തിറങ്ങുന്നത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും ഈ കൗതുകം ചൂണ്ടിക്കാണിച്ചപ്പോള്‍ മോഹന്‍ലാല്‍ പോലും അതിശയിച്ചുപോയെന്നുമാണ് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളു'ടെ സംവിധായകന്‍ കൂടിയായ ഫാസില്‍ പറയുന്നത്. 1980 ഡിസംബര്‍ 25നായിരുന്നു നരേന്ദ്രനായി മോഹന്‍ലാല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ഗുരുസ്ഥാനീയരെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ തന്റെ ആദ്യ സംവിധാന ചിത്രം ആരംഭിച്ചതെന്നും 700 ദിവസം നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ബറോസെന്നും ഫാസില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബറോസിന്റെ ത്രിഡി ട്രെയ്‌ലര്‍ തിയേറ്ററുകളില്‍ പുറത്തിറങ്ങിയിരുന്നു. സൂര്യ ചിത്രം കങ്കുവയുടെ ഇടവേളയിലാണ് ബറോസിന്റെ ത്രീഡി ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. വലിയ വരവേല്‍പ്പ് തന്നെ ഈ ട്രെയിലറിന് ലഭിച്ചിട്ടുണ്ട്.
അതിഗംഭീരമായ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ബറോസ് എന്ന് ഈ ട്രെയിലര്‍ ഉറപ്പ് നല്‍കുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളില്‍ കുറിക്കുന്നത്. 'മാസ് രംഗങ്ങള്‍ പ്രതീക്ഷിക്കാതെ കൗതുകം നിറഞ്ഞ ഒരു ചിത്രം പ്രതീക്ഷിക്കാം' എന്ന് ഒരു ആരാധകന്‍ കുറിച്ചപ്പോള്‍ 'പൈസ വസൂലാക്കാന്‍ ഇത് മാത്രം മതി' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. 'സംവിധാനം മോഹന്‍ലാല്‍' എന്ന് കാണിച്ചപ്പോള്‍ തിയേറ്ററുകളില്‍ കരഘോഷം ഉയരുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം ബറോസിന്റെ ഛായാഗ്രാഹകന്‍ കൂടിയായ സന്തോഷ് ശിവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. വളരെ ട്രിക്കി ആയൊരു സിനിമയാണ് ബറോസെന്നും ഇത് ഒരിക്കലുമൊരു മാസ് സിനിമയല്ലെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ രീതികളൊക്കെ വളരെ ഓര്‍ഗാനിക്ക് ആണ്. ഹൃദയത്തില്‍ നിന്നാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്നത്. ബറോസിന് ശേഷം അദ്ദേഹം വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.
ബറോസിനെക്കുറിച്ച് സംവിധായകനും ഫോട്ടോഗ്രാഫറുമായഅനീഷ് ഉപാസന പറഞ്ഞ വാക്കുകളും ചര്‍ച്ചയായിരുന്നു. സിനിമയുടെ പ്രിവ്യു കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ഷോയ്ക്ക് ശേഷം കലാസംവിധായകന്‍ സന്തോഷ് രാമന്‍ വിളിച്ച് സംസാരിച്ചിരുന്നു എന്നും സിനിമ ഗംഭീരമായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്നും അനീഷ് ഉപാസന പറഞ്ഞു. പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. ആ ചിത്രത്തില്‍ അദ്ദേഹത്തിന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അനീഷ് ഉപാസന അഭിപ്രായപ്പെട്ടു.
Content Highlights: Barroz movie will be released on December 25, official announcement video