എംഎസ് ധോണി, ഭാഗി 2, കൽക്കി 2898 എഡി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ദിഷ പഠാണി. സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത കങ്കുവയാണ് ഏറ്റവും പുതിയതായി തിയേറ്ററിലെത്തിയ ദിഷ പഠാണി ചിത്രം. ആഞ്ചലീന എന്ന കഥാപാത്രത്തെയാണ് ദിഷ ചിത്രത്തിൽ അവതരിപ്പിച്ചത്. കൊറിയൻ സിനിമകളോടുള്ള ഇഷ്ടത്തെക്കുറിച്ച് മുൻപ് പല തവണ നടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൊറിയൻ സിനിമകളെ പറ്റി സംസാരിച്ചിരിക്കുകയാണ് ദിഷ.
'കൊറിയന്‍ ഫിലിം മേക്കിങ്ങും സീരീസുകളും അതിലെ റൊമാന്‍സുമെല്ലാം ഗംഭീരമാണ്. കൊറിയന്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ അവയില്‍ ഒരുപാടെണ്ണം ബോളിവുഡില്‍ നിന്നെടുത്തതാണെന്ന് തോന്നാറുണ്ട്. അവരുടെ മ്യൂസിക്കും ഫാഷനും സംസ്‌കാരവുമെല്ലാം വളരെ ഇഷ്ടമാണ്' താരം പറയുന്നു. കുട്ടിയായിരിക്കെ അനിമേഷൻ ചിത്രങ്ങളില്‍ ആകൃഷ്ടയായി അവ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതിലെ കഥകളും അവതരണരീതിയും എല്ലാം ആകര്‍ഷണീയമാണെന്നും ദിഷ കൂട്ടിച്ചേർത്തു.
ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു സിനിമ ചെയ്യാറുള്ളൂവെന്നും പറഞ്ഞ ദിഷ, ഏറ്റവും പുതിയ ചിത്രമായ കങ്കുവയിൽ ജോലിചെയ്യാനായത് മനോഹരമായ അനുഭവമായിരുന്നെന്നും അഭിപ്രായപ്പെട്ടു. ചിത്രത്തിൽ അര മണിക്കൂർ നീളമുള്ള കഥാപാത്രം അവതരിപ്പിക്കാനായി മൂന്ന് കോടിയാണ് ദിഷ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഹമ്മദ് ഖാൻ സംവിധാനം ചെയ്ത് അക്ഷയ് കുമാർ നായകനാകുന്ന വെൽക്കം to ജംഗിൾ ആണ് ഇനി പുറത്തിറങ്ങാനുള്ള ദിഷയുടെ പുതിയ സിനിമ.
Content Highlights: A lot of Korean contents are taken from bollywood says Kanguva actress Disha Patani