സത്യന് ശേഷം കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടനാണ് ജോജു; 'പണി'യെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ

"കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടമാരിൽ നിങ്ങളും ഉണ്ട്"

dot image

നടൻ ജോജു ജോർജിനെയും 'പണി' എന്ന സിനിമയെയും പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്ന് ഭദ്രൻ പറഞ്ഞു. കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ ജോജുവിന് കഴിഞ്ഞു. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങൾക്ക് ഏത് ഉയരവും കീഴടക്കാനാകുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഭദ്രൻ പറഞ്ഞു.

'തികച്ചും യാദൃശ്ചികമായി, ഞാൻ ഇന്നലെ ജോജു ജോർജിന്റെ 'പണി' കണ്ടു. ഒരുപക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാൻ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിക്കു പോട്ടെ. ജോസഫും, നായാട്ടും കണ്ടിട്ട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു, മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങൾ എന്ന്. മധുരം സിനിമയിൽ താങ്കളുടെ പ്രണയാതുര ഭാവങ്ങൾ കണ്ടപ്പോൾ, എനിക്ക് ഒരിക്കൽ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാൻ തോന്നാതിരുന്നില്ല. കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടമാരിൽ നിങ്ങളും ഉണ്ട്', ഭദ്രൻ പറഞ്ഞു.

മികച്ച പ്രതികരണങ്ങൾ നേടിയ പണി എന്ന സിനിമ ഇതുവരെ 35 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഇതോടെ ജോജുവിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി 'പണി' മാറി. ചിത്രത്തിനെ സംബന്ധിച്ച് ചില വിവാദങ്ങളും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പണി സിനിമയെ കുറിച്ച് ആദർശ് എച്ച് എസ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ റിവ്യൂ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. 'റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ റേപ്പ് സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്ജെക്ടിഫൈ ചെയ്യും വിധവുമാണ്,' എന്നാണ് ആദർശ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

പിന്നാലെ യുവാവിനെ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായി. കോടികളുടെ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയയാളെ

നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോയെന്നുമാണ് ജോജു യുവാവിനോട് ചോദിച്ചത്. ആദർശ് തന്നെയാണ് ഇതിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും. എന്നാൽ പിന്നീട് പെട്ടെന്നുണ്ടായ കോലാഹലത്തിൽ ആ കോൾ ചെയ്തതാണെന്നും അത് സംഭവിക്കാൻ പാടില്ലായിരുന്നു എന്നും ജോജു ജോർജ് പ്രതികരിച്ചിരുന്നു.

Content Highlights: Director Bhadran praises Joju George and Pani film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us