വിക്കി കൗശലിനെ നായകനാക്കി ഷൂജിത് സിർകാർ സംവിധാനം ചെയ്‌ത ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രമായിരുന്നു 'സർദാർ ഉദ്ദം'. ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഷൂജിത് സിർകാറിന്റെ സംവിധാന മികവിനും വിക്കിയുടെ പ്രകടനത്തിനും വലിയ കൈയ്യടികളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എന്നാൽ ചിത്രത്തിൽ ആദ്യം നായകനാക്കാൻ പദ്ധതിയിട്ടത് വിക്കി കൗശലിനെയല്ല ഇർഫാൻ ഖാനെ ആയിരുന്നെന്നും സംവിധായകൻ ഷൂജിത് സിർകാർ.
ഇർഫാൻ ഖാൻ ആയിരുന്നു ഉദ്ദം സിംഗിനെ അവതരിപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന് അസുഖം പിടിപെട്ടതിന് ശേഷം ചിത്രം ഉപേക്ഷിച്ചാലോ എന്നുവരെ ആലോചനയുണ്ടായിരുന്നെന്ന് ഷൂജിത് സിർകാർ പറഞ്ഞു. ഒരു ഘട്ടത്തിൽ സിനിമ ഉപേക്ഷിക്കുന്നതിനെ പറ്റി ഇർഫാനോട് പറഞ്ഞപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചില്ല. ഇർഫാൻ ആണ് ആ സിനിമയെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും ഷൂജിത് സിർകാർ പറഞ്ഞു. ഏറ്റവും പുതിയ സിനിമയായ 'ഐ വാണ്ട് ടു ടോക്ക്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിലാണ് ഷൂജിത് സിർകാർ ഇക്കാര്യം പറഞ്ഞത്.
'ഐ വാണ്ട് ടു ടോക്ക് ചെയ്യുമ്പോഴും എന്റെ മനസിൽ ഇർഫാൻ ആയിരുന്നു. എന്നാൽ അഭിഷേക് ബച്ചന്റെ പ്രകടനത്തിൽ ഞാൻ പൂർണ തൃപതനാണ്. എല്ലാ സിനിമകൾ എഴുതുമ്പോഴും എന്റെ മനസിൽ ഇർഫാൻ ആണ് ഉണ്ടാകുക. അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. ഇർഫാന്റെ വിയോഗം ഒരു വലിയ നഷ്ടമായിട്ടാണ് ഞാൻ കരുതുന്നത്', ഷൂജിത് സിർകാർ പറഞ്ഞു.
'പീക്കു' എന്ന ചിത്രത്തിലാണ് ഷൂജിത് സിർകാറും ഇർഫാൻ ഖാനും ഒരുമിച്ച് വർക്ക് ചെയ്തത്. ദീപിക പദുകോൺ, അമിതാഭ് ബച്ചൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരു ഫീൽ ഗുഡ് ഡ്രാമ ആയിട്ടായിരുന്നു ഒരുങ്ങിയത്. അഭിഷേക് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന 'ഐ വാണ്ട് ടു ടോക്ക്' ആണ് ഇനി പുറത്തിറങ്ങാനുള്ള ഷൂജിത് സിർകാർ ചിത്രം. അഹല്യ ബാംറൂ, ജോണി ലെവർ, ജയന്ത് കൃപലാനി, പേളി ഡേ, ക്രിസ്റ്റിൻ ഗൊദ്ദാർഡ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. റിതേഷ് ഷാ ആണ് സിനിമക്കായി തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. റോണി ലഹിരി, ഷീൽ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Irfan Khan was supposed to play Udham Singh instead of Vicky kaushal says Shoojith Sircar