'അപ്പോൾ കഥയിലെ വില്ലൻ ഗൗതം മേനോൻ അല്ല ധനുഷ് ആണ്';നയൻതാരയുടെ ഡോക്യുമെന്ററി വൈകിയതിൽ വഴിത്തിരിവ്

ഗൗതം മേനോന്റെ ചില സിനിമകൾ പോലെ ഡോക്യുമെന്‍ററിയും വെളിച്ചം കാണാതെ പോകുമെന്നായിരുന്നു ചില ട്രോളുകള്‍

dot image

2022ല്‍ നയന്‍താരയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഡോക്യുമെന്ററി പുറത്തിറങ്ങുമെന്ന വാര്‍ത്തയെ വലിയ ആവേശത്തോടെയായിരുന്നു സിനിമാലോകവും പ്രേക്ഷകരും സ്വീകരിച്ചത്. നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹത്തിനൊപ്പമായിരുന്നു നെറ്റ്ഫ്ളിക്സ് ഈ ഡോക്യുമെന്‍ററി ഇറക്കാനിരുന്നത്.

സംവിധായകൻ ഗൗതം വാസുദേവ് മേനോനാകും ഈ ഡോക്യൂമെന്ററി സംവിധാനം ചെയ്യുകയെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു രണ്ടു വർഷമായിട്ടും ഡോക്യുമെന്ററി പുറത്തിറങ്ങാതായതോടെ ഗൗതം മേനോന്റെ ചില സിനിമകൾ പോലെ ഇതും വെളിച്ചം കാണാതെ പോകുമെന്നായി ആരാധകർക്കിടയിലുള്ള ചർച്ചകൾ.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത നരകാസുരന്‍, ധ്രുവനക്ഷത്രം എന്നീ സിനിമകളുടെ ലിസ്റ്റിലേക്ക് ഈ ഡോക്യുമെന്‍ററിയും എത്തിയിരിക്കുകയാണെന്ന് പലരും ട്രോളിയിരുന്നു. ഈ സിനിമകളുടെ റിലീസ് പല തവണ മാറ്റിവെച്ചത് തമിഴ് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചയായിരുന്നു.

എന്നാല്‍, കഴിഞ്ഞ വാരം നെറ്റ്ഫ്ലിക്സ് നയൻതാരയുടെ ഡോക്യുമെന്ററി ആയ Nayanthara: Beyond the Fairy Tale നവംബർ 18 ന് പുറത്തിറങ്ങുമെന്ന് പുറത്തുവിട്ടു. ഇതിന് പിന്നാലെ ഒരു ട്രെയ്‌ലറും നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിരുന്നു. എന്നാലിപ്പോൾ റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ നടൻ ധനുഷിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നയൻ‌താര. ഡോക്യുമെന്ററി വൈകിയതിന് ധനുഷാണ് കാരണമെന്ന് നയന്‍താര ഈ കുറിപ്പില്‍ പറയുന്നത്. 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു.

ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണെന്നും നയന്‍താര പറഞ്ഞു. 'നാനും റൗഡി താന്‍' സിനിമയുടെ ഷൂട്ട് സമയത്ത് ഫോണിലും മറ്റും എടുത്ത ചില ലൊക്കേഷന്‍ വീഡിയോസ് മൂന്ന് സെക്കന്റ് സമയം ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ കാണിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര കത്തില്‍ പറയുന്നു.

Content Highlights: Not Gautham Menon Dhanush is the reason behind delay of Nayanthara documentary

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us