കാതൽ മന്നൻ, കുറുപ്പ്… വീണ്ടുമൊരു റിയൽ ലൈഫ് സ്റ്റോറി; ദുൽഖർ തമിഴിലെ ആദ്യ സൂപ്പർസ്റ്റാറാകുന്നു?

1950കളില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ലക്ഷ്മികാന്തന്‍ കൊലക്കേസ് ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്

dot image

അന്യ ഭാഷാ സിനിമാപ്രേമികളുടെയും കയ്യടി നേടുന്നതില്‍ വിജയിച്ച മലയാളി നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാന്ത എന്ന ചിത്രമാണ് ഡിക്യുവിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. തെലുങ്ക് ഭാഷയിൽ ഒരുങ്ങുന്ന ചിത്രം ഒരു യഥാർത്ഥ ജീവിതം പശ്ചാത്തലമാക്കിയാണ് കഥ പറയുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

1950കളില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ലക്ഷ്മികാന്തന്‍ കൊലക്കേസ് ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല ചിത്രത്തിൽ തമിഴിലെ ആദ്യ സൂപ്പർസ്റ്റാറായ എം കെ ത്യാഗരാജ ഭാഗവതരായാണ് ദുൽഖർ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. 1934 മുതൽ 1960 വരെ സിനിമയിൽ സജീവമായിരുന്ന ജനപ്രിയ നടനും കർണാടിക് ഗായകനുമായിരുന്നു എംകെടി എന്നറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതർ. തന്റെ കരിയറിൽ 14 സിനിമകളാണ് അദ്ദേഹം ചെയ്തത്. അതിൽ 10 വലിയ വിജയങ്ങളുമായിരുന്നു.

എന്നാൽ ലക്ഷ്മികാന്തന്‍ എന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ത്യാഗരാജ ഭാഗവതർ അറസ്റ്റിലാവുകയും ജയിലിൽ കഴിയുകയുമുണ്ടായി. തുടർന്ന് ഭാഗവതര്‍ സിനിമയിൽ നിന്നും കച്ചേരിയിൽ നിന്നും മാറിനിൽകുകയും 1959ല്‍ മരിക്കുകയുമായിരുന്നു. ഈ സംഭവങ്ങൾ പശ്ചാത്തലമാക്കിയാണ് സിനിമ കഥ പറയുന്നത് എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു കാന്തയുടെ പ്രഖ്യാപനം നടന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍.

അതേസമയം ദുൽഖറിന്റെ പുതിയ ചിത്രം ലക്കി ഭാസ്കർ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 100 കോടിയിലധികം രൂപയാണ് സിനിമ ഇതിനകം നേടിയിരിക്കുന്നത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.

Content Highlights: Reports that Dulquer Salmaan likely to portray Tamil cinema's first superstar MK Thyagaraja Bhagavathar in Kaantha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us