ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് നയൻതാര. എന്നാൽ സിനിമയിലെ തുടക്ക കാലങ്ങളിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങുകളെക്കുറിച്ച് പറയുകയാണ് നടി ഇപ്പോൾ. അഭിനയത്തിന്റെ പോരായ്മകൾ പറയുന്നത് പോലെ അല്ല, ഒരാളെ കുറിച്ച് ബോഡി ഷെയിമിങ് നടത്തുന്നതെന്നും സിനിമയിൽ സംവിധായകർ ആവശ്യപ്പെടുന്നത് മാത്രമാണ് ചെയ്യുന്നതെന്നും അവരുടെ നിർദേശപ്രകാരമാണ് വസ്ത്രങ്ങൾ ധരിക്കുന്നതെന്നും നയൻതാര പറഞ്ഞു. നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്‌ൽ ഡോക്യുമെന്ററിയിലാണ് നടിയുടെ പ്രതികരണം.
‘ഞാന്‍ ഏറ്റവും തകര്‍ന്നു പോയത് ഗജിനിയുടെ സമയത്താണ്. അന്ന് ഞാന്‍ എന്നെ പറ്റിയുള്ള ധാരാളം കമന്റുകള്‍ കാണാറുണ്ടായിരുന്നു. ‘ഇവള്‍ എന്തിനാണ് അഭിനയിക്കുന്നത്? ഇവള്‍ എന്തിനാണ് സിനിമയില്‍ തുടരുന്നത്? അവള്‍ ഒരുപാട് വണ്ണം വെച്ചു’ എന്നൊക്കെയുള്ള കമന്റുകള്‍ വരുമായിരുന്നു. ഒരാളെ കുറിച്ച് അങ്ങനെയുള്ള കാര്യങ്ങളൊന്നും പറയാന്‍ പാടില്ല. പെര്‍ഫോമന്‍സിനെ കുറിച്ച് പറയുന്നതില്‍ യാതൊരു കുഴപ്പവുമില്ല. ചിലപ്പോള്‍ എന്റെ അഭിനയം മോശമായിരിക്കാം. പക്ഷേ, എന്റെ ഡയറക്ടര്‍ ആവശ്യപ്പെട്ടത് മാത്രമാണ് ഞാന്‍ ഓരോ സിനിമയിലും ചെയ്തത്. അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രമാണ് ഞാന്‍ ആ സിനിമയില്‍ ധരിച്ചത്.'
'ഞാന്‍ ഒരു പുതുമുഖമല്ലേ? എനിക്ക് അപ്പോള്‍ തിരിച്ച് ഒന്നും പറയാന്‍ പറ്റില്ലല്ലോ. ഗജിനിയുടെ സമയത്താണ് എനിക്ക് നേരെ ബോഡി ഷെയിമിങ്ങുകള്‍ ഉണ്ടാകുന്നത്. ഞാന്‍ എപ്പോഴും തനിച്ചായിരുന്നു. നമ്മള്‍ ഒരു വിഷമഘട്ടത്തിലൂടെ പോകുമ്പോള്‍ ആരും കൂടെ ഉണ്ടാകുമെന്ന ഉറപ്പില്ല. എനിക്ക് ആരും ഉണ്ടായിട്ടില്ല. ഒരാൾ പോലും എന്റെ അടുത്ത് വന്നിട്ട് പോട്ടെ സാരമില്ലെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, നാളുകള്‍ കഴിയുമ്പോഴും ഞാന്‍ സ്‌ട്രോങ്ങായി മാറിക്കൊണ്ടേയിരുന്നു. കാരണം അത് മാത്രമായിരുന്നു എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഓപ്ഷന്‍. എനിക്ക് വേറെ വഴി ഇല്ലായിരുന്നു,’ നയന്‍താര പറഞ്ഞു.
നയൻതാരയുടെ ഡോക്യുമെന്ററി വൈകാനുള്ള കാരണം നടൻ ധനുഷാണെന്ന് അടുത്തിടെ നടി തന്നെ തുറന്നു പറഞ്ഞിരുന്നു. ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ദൃശ്യങ്ങളെച്ചൊല്ലി ധനുഷും നയൻതാരയും തമ്മിൽ പോരടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.
Content Highlights: Nayanthara talks about facing body shaming in the film