മമ്മൂട്ടി നായകനായി 2006 ൽ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു തുറുപ്പുഗുലാന്‍. മമ്മൂട്ടി 'ഇടത് കൈ' കൊണ്ട് അഭിനയിച്ച ചിത്രമാണ് ഗുലാനെന്നും മമ്മൂക്കയെ ഒരു കുട്ടിയായി കാണാനാണ് ഇഷ്ടമെന്നും പറയുകയാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ ജോണി ആന്റണി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘ആദ്യമായി ഞാനും മമ്മൂക്കയും ഒരുമിച്ച് ചെയ്ത സിനിമ തുറുപ്പുഗുലാനായിരുന്നു. ആ സമയത്ത് രാജമാണിക്യം ഇറങ്ങിയിട്ട് ഹിറ്റടിച്ച് നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ഓര്‍ത്തത് എന്നെ പോലെയൊരു സംവിധായകനില്‍ നിന്ന് തനിയാവര്‍ത്തനമോ അമരമോ പോലെയുള്ള സിനിമയാകില്ലല്ലോ അദ്ദേഹം പ്രതീക്ഷിക്കുക എന്നായിരുന്നു. അതുകൊണ്ട് ആ സിനിമയ്ക്ക് എന്തെങ്കിലും ഒരു സ്‌പെഷ്യാലിറ്റി വേണമായിരുന്നു. ആ കാരണം കൊണ്ടാണ് ഗുലാന്റെ കോസ്റ്റ്യൂം അങ്ങനെയാക്കിയത്. പിന്നെ ആ കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ മമ്മൂക്കയുടെ സജഷന്‍ ഉണ്ടായിരുന്നു. ഡാന്‍സ് ക്ലാസിന്റെ കാര്യം ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേദിവസം തോന്നിയ കാര്യമായിരുന്നു.
ഗുലാന്‍ എവിടെയെന്ന് ചോദിക്കുമ്പോള്‍ ഒരിക്കലും അറിയാന്‍ പാടില്ലാത്ത പണി പഠിക്കാന്‍ പോയേക്കുവാണെന്ന് പറയുന്നതും, പിള്ളേരുടെ കൂടെ ഡാന്‍സ് കളിക്കുന്നതുമൊക്കെ അങ്ങനെ കൊണ്ടുവന്ന സീനാണ്. അത് സത്യത്തില്‍ പിന്നീട് ഗുലാന് എന്തും ചെയ്യാനുള്ള ലൈസന്‍സ് ആകുകയായിരുന്നു. ഗുലാന്‍ പിന്നെ ആ സിനിമയില്‍ എന്ത് കാണിച്ചാലും ഓക്കെയായിരുന്നു. പിന്നെ ഡാന്‍സ് ചെയ്യേണ്ട സീന്‍ വന്നാല്‍ ഗുലാന്‍ സ്റ്റെപ്പ്‌സ് തെറ്റിച്ചാലും കുഴപ്പമില്ലാതെയായി. പിന്നീട് സൂപ്പര്‍ ഗുലാനെന്ന് പറഞ്ഞ് കോമിക്ക് വരെ ഇറങ്ങിയില്ലേ? ആ സിനിമ മമ്മൂക്ക കുട്ടികളെ പോലെ വളരെ ഈസിയായി ബിഹേവ് ചെയ്ത പടമായിരുന്നു. എനിക്ക് തോന്നുന്നത് മമ്മൂക്ക ഇടത് കൈ കൊണ്ട് അഭിനയിച്ച ഒരു പടം കൂടെയാണ് ഗുലാന്‍ എന്നാണ്. ഇടിയൊക്കെ ഇടത് കൈ കൊണ്ടായിരുന്നു. എനിക്ക് മമ്മൂക്കയെ ഒരു കുട്ടിയായി കാണാനാണ് ഇഷ്ടം, മുഹമ്മദ് കുട്ടി ,’ ജോണി ആന്റണി പറയുന്നു.
കോമഡി-ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. മമ്മൂട്ടിക്ക് പുറമെ സ്നേഹ, ഇന്നസെന്റ്, ദേവന്‍, കലാശാല ബാബു, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, രാജ് കപൂര്‍, വിജയരാഘവന്‍, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. മമ്മൂട്ടിയുടെ ആ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു തുറുപ്പുഗുലാന്‍.
Content Highlights: Director Johnny Antony talks about Mammootty film Thurupugulan