മലയാളികളുടെ ഇഷ്ട നടിയാണ് നസ്രിയ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നസ്രിയ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. നസ്രിയയയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 2022ല്‍ റിലീസായ തെലുങ്ക് ചിത്രം 'അന്‍ടേ സുന്ദരാനികി'. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രത്തില്‍ നാനിയായിരുന്നു നായകന്‍. 'ആഹാ സുന്ദര' എന്ന പേരില്‍ ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയിരുന്നു. എന്നാൽ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിനായില്ല. ആ സിനിമയുടെ പരാജയത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് നസ്രിയ.
തന്റെ ഏത് സിനിമ റിലീസായാലും അതിന്റെ ആദ്യത്തെ വെള്ളിയാഴ്ച മാത്രമേ ആ സിനിമയെപ്പറ്റി ആലോചിക്കാറുള്ളൂവെന്ന് നസ്രിയ പറഞ്ഞു. പ്രതീക്ഷിച്ച ലെവലില്‍ എത്തിയില്ലെന്ന് കണ്ടാല്‍ അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കാറില്ലെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
‘എന്റെ ഏത് സിനിമ റിലീസായാലും ആദ്യത്തെ വെള്ളിയാഴ്ച മാത്രമേ ഞാന്‍ അതിനെപ്പറ്റി ചിന്തിച്ച് ബോതേര്‍ഡ് ആകാറുള്ളൂ. പ്രേക്ഷകര്‍ക്ക് ഇഷ്ടമായെന്നറിഞ്ഞാല്‍ സന്തോഷം തോന്നും. അതേസമയം അത് പ്രതീക്ഷിച്ച രീതിയില്‍ വര്‍ക്കായില്ല എന്നറിഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി അധികം ചിന്തിക്കാന്‍ നില്‍ക്കാറില്ല. സോഷ്യല്‍ മീഡിയ നോക്കും, അല്ലെങ്കില്‍ വേറെ എന്തെങ്കിലുമൊക്കെ ചെയ്യും.
മികച്ചൊരു സിനിമയായിരിക്കും എന്ന് കരുതിത്തന്നെയാണ് അന്‍ടേ സുന്ദരാനികി ചെയ്തത്. പക്ഷേ, തിയേറ്ററില്‍ ഉദ്ദേശിച്ച രീതിയില്‍ ആ പടം വര്‍ക്കായില്ല. ഒടിടി റിലീസിന് ശേഷം പലരും ആ സിനിമയെ പ്രശംസിച്ച് മെസ്സേജയച്ചു. തിയേറ്ററില്‍ ആ സിനിമ സ്വീകരിക്കപ്പെടാത്തതില്‍ ഞാന്‍ ഓഡിയന്‍സിനെ കുറ്റം പറയില്ല. കാരണം ഒടിടിയില്‍ കണ്ടപ്പോള്‍ അവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇന്നും പലരും ആ സിനിമയെപ്പറ്റിയും എന്റെ ക്യാരക്ടറിനെപ്പറ്റിയും സംസാരിക്കാറുണ്ട്,’ നസ്രിയ പറഞ്ഞു.
നസ്രിയയുടേതായി തിയേറ്ററുകളിൽ എത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂക്ഷ്മദര്‍ശിനി'. ബേസിൽ ജോസഫാണ് ചിത്രത്തിൽ നായകനാകുന്നത്. ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും. എം സി ജിതിനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
Content Highlights: Nazriya opened up about the failure of the film Ante Sundaraniki