നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പണി'. ഒരു ആക്ഷൻ റിവഞ്ച് ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ തമിഴ് ഡബ്ബ് വേർഷൻ നാളെ തമിഴ് നാട്ടിൽ റിലീസിനെത്തും. ഇപ്പോഴിതാ നടൻ ജോജുവിനെ അഭിനന്ദിച്ചുകൊണ്ട് കമൽ ഹാസൻ എത്തിയിരിക്കുകയാണ്. കമൽ ഹാസനും ജോജുവും ഒപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മികച്ച പ്രതികരണമാണ് ഇന്നലെ തമിഴ്നാട്ടിൽ നടത്തിയ സ്പെഷ്യൽ സ്‌ക്രീനിങ്ങിൽ നിന്ന് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയിലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്നാണ് ഭദ്രൻ പറഞ്ഞത്.
മികച്ച പ്രതികരണങ്ങൾ നേടിയ പണി ഇതുവരെ 35 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും പണി നേടിയത്. ഇതോടെ ജോജുവിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന സിനിമയായി 'പണി' മാറി. ചിത്രത്തിനെ സംബന്ധിച്ച് ചില വിവാദങ്ങളും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പണി സിനിമയെ കുറിച്ച് ആദർശ് എച്ച് എസ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ റിവ്യൂ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. 'റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ റേപ്പ് സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്ജെക്ടിഫൈ ചെയ്യും വിധവുമാണ്,' എന്നാണ് ആദർശ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
Legendary actor @ikamalhaasan showers praise on team #Pani after watching their film in a special screening back in September. Tamil version hitting theatres tomorrow! 💥
— Ramesh Bala (@rameshlaus) November 21, 2024
Written and Directed by #JojuGeorge @C_I_N_E_M_A_A#Abhinaya #SagarSurya #JunaizVP#AppuPathuPappu… pic.twitter.com/3ytwt70nJJ
പിന്നാലെ യുവാവിനെ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായി. കോടികളുടെ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയയാളെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോയെന്നുമാണ് ജോജു യുവാവിനോട് ചോദിച്ചത്. ആദർശ് തന്നെയാണ് ഇതിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതും. എന്നാൽ പിന്നീട് പെട്ടെന്നുണ്ടായ കോലാഹലത്തിൽ ആ കോൾ ചെയ്തതാണെന്നും അത് സംഭവിക്കാൻ പാടില്ലായിരുന്നു എന്നും ജോജു ജോർജ് പ്രതികരിച്ചിരുന്നു.
Content Highlights: Kamal haasan praises Joju george film Pani