തമിഴ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് കേരളം. പല തമിഴ് സിനിമകളും മികച്ച കളക്ഷനാണ് കേരളത്തിൽ നിന്നും സ്വന്തമാക്കാറ്. എന്നാൽ 2024 തമിഴ് സിനിമകൾക്ക് കേരളത്തിൽ അത്ര നല്ല സമയമല്ല. വിജയ്, കമൽ ഹാസൻ ഉൾപ്പടെയുള്ളവരുടെ വമ്പൻ ചിത്രങ്ങൾ അടക്കം കേരളത്തിൽ അടിതെറ്റിയപ്പോൾ നിരവധി ചെറിയ സിനിമകൾക്ക് ഇവിടെ നേട്ടമുണ്ടാക്കാനായി.
രണ്ട് സിനിമകളുമായി ധനുഷ് ആണ് കേരളത്തിൽ ഈ വർഷം മുന്നിട്ട് നിൽക്കുന്ന നടൻ. ധനുഷിന്റേതായി പുറത്തിറങ്ങിയ ക്യാപ്റ്റൻ മില്ലർ, രായൻ തുടങ്ങിയ സിനിമകൾക്ക് കേരളത്തിൽ വിജയിക്കാനായി. 5 കോടിയാണ് ക്യാപ്റ്റൻ മില്ലർ കേരളത്തിൽ നിന്നും നേടിയത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത പീരീഡ് ആക്ഷൻ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ഇവിടെ നിന്നും ലഭിച്ചത്. ധനുഷ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത രായന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ധനുഷിന്റെ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമയായി മാറി. 6.10 കോടിയാണ് ചിത്രം ഇവിടെ നിന്നും നേടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2024 has been a tough year for Tamil cinema in Kerala, with only 5 films emerging as hits & Highest 16.8cr!
— MalayalamReview (@MalayalamReview) November 20, 2024
The notable hits include #CaptainMiller, #Raayan, #Maharaja, #Vettaiyan, and #Amaran.
However, major releases like #TheGoat and #Kanguva incurred significant losses.
മികച്ച പ്രതികരണങ്ങൾ ലഭിച്ച വിജയ് സേതുപതി ചിത്രമായ മഹാരാജക്കും കേരളത്തിൽ നേട്ടമുണ്ടാക്കാനായി. ഒരിടവേളക്ക് ശേഷം ഒരു വിജയ് സേതുപതി സിനിമക്ക് കേരളത്തിൽ ലഭിച്ച വലിയ വരവേൽപ്പായിരുന്നു മഹാരാജക്ക് ലഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 7.80 കോടിയാണ് സിനിമ ഇവിടെ നിന്നും നേടിയത്. സൂപ്പർതാരങ്ങളിൽ രജനിക്കും ശിവകാർത്തികേയനും മാത്രമാണ് കേരളത്തിൽ പിടിച്ചുനിൽക്കാനായത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് ആഗോള ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും കേരളത്തിൽ ജയിലറിന് ശേഷം വിജയിച്ച മറ്റൊരു രജനി ചിത്രമായി മാറി. 16 കോടിയാണ് ഇവിടെ നിന്നും വേട്ടയ്യൻ നേടിയത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമക്ക് ലഭിച്ചതെങ്കിലും ഫഹദ് ഫാസിൽ അടക്കമുള്ളവരുടെ സാനിധ്യം കേരളത്തിൽ സിനിമക്ക് ഗുണമായി. ഗോകുലം മൂവീസ് ആയിരുന്നു ചിത്രം കേരളത്തിൽ എത്തിച്ചത്.
ശിവകാർത്തികേയൻ ചിത്രം അമരൻ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രം ഇതിനകം ശിവകാർത്തികേയന്റെ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായി മാറി. 11.40 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. എന്നാൽ വിജയ് ചിത്രമായ ദി ഗോട്ട്, കമൽ ഹാസന്റെ ഇന്ത്യൻ 2 , സൂര്യ ചിത്രം കങ്കുവ, വിക്രമിന്റെ തങ്കലാൻ തുടങ്ങിയ സിനിമകൾക്കൊന്നും കേരളത്തിൽ നേട്ടമുണ്ടാകാനായില്ല. ആദ്യ ദിനം മികച്ച കളക്ഷൻ നേടിയ സിനിമകളെ മോശം പ്രതികരണങ്ങൾ സാരമായി ബാധിച്ചിരുന്നു.
Content Highlights: Vijay, Kamal Haasan, Suriya fails to succeed at kerala Box office saved by Vettaiyan, maharaja, Amaran