ശിവകാർത്തികേയനെ ഒരിക്കൽ ഒരു സ്റ്റേജ് പ്രോഗ്രാമിൽ വച്ച് കളിയാക്കിയതും നോട്ട് നിരോധനത്തെ അനുകൂലിച്ചതും ജീവിതത്തിൽ തെറ്റ് സംഭവിച്ചു എന്നു തോന്നിയ സന്ദർഭങ്ങളായിരുന്നുവെന്ന് നടനും സംവിധായകനുമായ ആർ ജെ ബാലാജി. ഒരു മോക്ക് അവാർഡ് ഷോയിൽ ശിവകാർത്തികേയൻ വൈകാരികമായി സംസാരിക്കുന്നതിനെ കളിയാക്കി കാണിച്ചത് പിന്നീട് തെറ്റായി തോന്നി എന്നും അദ്ദേഹത്തോട് മാപ്പ് ചോദിച്ചിരുന്നുവെന്നും ആർ ജെ ബാലാജി പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചെയ്തുപോയ എന്തെങ്കിലും കാര്യത്തിൽ പശ്ചാത്താപം തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആർ.ജെ ബാലാജി.
'ഞാൻ ഒരു മോക്ക് അവാർഡ് ഷോ ചെയ്യുന്ന സമയം, ദീപാവലിക്കോ മറ്റോ ഒരു പ്രോഗ്രാം ചെയ്തു. അവാർഡ് ഷോകളെ കളിയാക്കുന്ന ഒരു പ്രോഗ്രാമായിരുന്നു അത്. ആ സമയത്ത് ശിവകാർത്തികേയൻ ഒന്നു രണ്ട് സ്ഥലങ്ങളിൽ വളരെ വൈകാരികമായി സംസാരിച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ട ഞാൻ അന്ന് ആ സ്റ്റേജിൽ വച്ച് അതിനെ കളിയാക്കിയിരുന്നു. അന്നത് ചെയ്യുമ്പോൾ എനിക്ക് അതിൽ ഒരു തെറ്റും തോന്നിയിരുന്നില്ല. എന്നാൽ അത് ടിവിയിൽ കണ്ട ദിവസം ഞാൻ അദ്ദേഹത്തെ മെസേജ് അയച്ചോ ഫോണിൽ വിളിച്ചോ മറ്റോ മാപ്പ് പറഞ്ഞിരുന്നു. ഞാൻ ചെയ്തത് ശരിയായ ഒരു കാര്യമായിരുന്നില്ല എന്ന തോന്നൽ കൊണ്ടായിരുന്നു അത് ചെയ്തത്'.
'നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് ഞാൻ അതിനെ പിന്തുണച്ചിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം എനിക്ക് മനസ്സിലായി ഇത് ശരിയായ രീതിയിൽ അല്ല നടക്കുന്നത് എന്ന്. ഇത് പ്രഖ്യാപിച്ചതിന് പിന്നിൽ ഒരു ഉൾകാഴ്ചയോ ഉദ്ദേശ്യമോ ഇല്ല, വെറുതേ ചെയ്തതു പോലെ എനിക്ക് തോന്നി തുടങ്ങി, കുറേ പേർ അത് കാരണം കഷ്ടപ്പെടുന്നത് കണ്ടു. അത് മനസ്സിലായതിന് പിന്നാലെ ഞാൻ നോട്ട് നിരോധനത്തെ പിന്തുണച്ചു കൊണ്ട് മുമ്പ് പറഞ്ഞ കാര്യം ശരിയല്ലെന്നും നോട്ട് നിരോധനത്തെ ഞാൻ പിന്തുണയ്ക്കുന്നില്ലെന്നും തിരുത്തി പറഞ്ഞിരുന്നു' ആർ ജെ ബാലാജി പറഞ്ഞു.
Content Highlights: RJ Balaji apologized to Sivakarthikeyan after teasing him in a show