സൂര്യ നായകനായ കങ്കുവ തിയേറ്ററുകളിൽ വലിയ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്. വലിയ ബജറ്റിൽ ഇറങ്ങിയ സിനിമ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കില്ല എന്നാണ് റിപ്പോർട്ടുകള്‍. പിന്നാലെ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
കങ്കുവയുടെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്ത് എട്ട് ആഴ്ചകൾക്ക് ശേഷമായിരിക്കും ഒടിടി സ്ട്രീമിങ് എന്നായിരുന്നു കരാർ. എന്നാൽ തിയേറ്ററുകളിലെ മോശം പ്രകടനം കണക്കിലെടുത്ത് ചിത്രം നാല് ആഴ്ചയ്ക്കുള്ളിൽ ഒടിടി റിലീസ് ചെയ്തേക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ രണ്ടാം വാരം മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ തെന്നിന്ത്യൻ ഭാഷാ പതിപ്പുകൾ മാത്രമാകും അടുത്ത മാസം റിലീസ് ചെയ്യുക. ഹിന്ദി പതിപ്പ് ജനുവരിയിലാകും റിലീസ് ചെയ്യുക എന്നും സൂചനകളുണ്ട്.
നവംബർ 14 നായിരുന്നു കങ്കുവ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Reports that Suriya movie Kanguva to stream in OTT soon