വെട്രിമാരന്‍ സംവിധാനം ചെയ്ത് ഏറെ പ്രശംസ നേടിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാകും രണ്ടാം ഭാഗവും എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി ഡീ ഏജിങ് ഉപയോഗിച്ചിട്ടുണ്ട് എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രം ഡിസംബർ 20 ന് തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വൈഗ മെറിലാന്‍ഡ് റിലീസ് ആണ്. 82 ഓളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രം. ചിത്രത്തിൽ സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ആദ്യ ഭാഗം വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്. സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ.
Content Highlights: Trailer of Viduthalai 2 starring actor Soori and Vijay Sethupathi out now