മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് മോഹൻലാലിന്റേത്. സമീപ കാലത്ത് മോശം സിനിമകളിലൂടെയും പ്രകടനങ്ങളിലൂടെയും നിരവധി വിമർശനങ്ങൾ മോഹൻലാൽ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ മികച്ച സിനിമകളാണ് ഇനി മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 2025 ൽ മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ്.
ബറോസ്, തുടരും, ഹൃദയപൂർവം, വൃഷഭ, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ റിലീസ് തീയതിയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് 'ബറോസ്'. ഒരു ഫാന്റസി ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന ചിത്രം വലിയ ബഡ്ജറ്റിൽ 3D യിലാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഡിസംബർ 25 ന് തിയേറ്ററിലെത്തും. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ ഒരു സാധാരണക്കാരന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമായിട്ടാണ് തരുൺ മൂർത്തി ചിത്രം 'തുടരും' റിലീസിനൊരുങ്ങുന്നത്. 2025 ജനുവരി 30 ന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തുടരും'.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. 'ലൂസിഫർ' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാനിൽ വലിയ പ്രതീക്ഷകളാണ് മോഹൻലാൽ ആരാധകർക്കുള്ളത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്.
മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ കോംബോയായ സത്യൻ അന്തിക്കാടും മോഹൻലാലും ഒരിടവേളക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം. ചിത്രം ആഗസ്റ്റ് 28 ന് തിയേറ്ററിലെത്തും. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്.
നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും റിലീസിനെത്തുക. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബർ 16 ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പുതിയ വിവരം. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Aashirvad Cinemas announces release date of Mohanlal films including Thudarum and Vrushabha