അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ പ്രോത്സാഹിപ്പിച്ചത് രണ്ട് വ്യക്തികളാണെന്ന് പറയുകയാണ് ദിവ്യ ഉണ്ണി. ഒന്ന് മമ്മൂട്ടിയും മറ്റൊന്ന് ശ്രീനിവാസനും ആയിരുന്നെന്നാണ് നടി പറയുന്നത്. മമ്മൂട്ടി തന്റെ പഠനത്തെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കുമായിരുന്നെന്നും ദിവ്യ ഉണ്ണി പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത് രണ്ട് വ്യക്തികളാണ്. ഒന്ന് മമ്മൂക്കയായിരുന്നു. മമ്മൂക്ക എന്റെ മാതാപിതാക്കളോട് സംസാരിക്കുമായിരുന്നു. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ആയിരുന്നില്ല ഞാന്‍ ചെയ്തത്. കോളേജില്‍ പോയി തന്നെയായിരുന്നു പഠനം. മമ്മൂക്ക അന്ന് പറഞ്ഞത് ‘പഠിക്കുന്നത് തുടര്‍ന്നാല്‍ നല്ലതാണ്. അത് അതിന്റെ സമയത്ത് തന്നെയായാൽ നല്ലതാകും’ എന്നായിരുന്നു. ശ്രീനിയേട്ടനും അത് തന്നെയായിരുന്നു പറഞ്ഞത്.
‘ലൊക്കേഷനിലൊക്കെ ഡയലോഗ് പഠിക്കുന്നത് പോലെ ടെക്സ്റ്റ് ബുക്ക് എടുത്ത് വായിച്ച് പഠിച്ചാല്‍ മതി. അപ്പോള്‍ ഡയലോഗ് പഠിക്കുന്നത് പോലെ അതും നടന്നോളും. എന്നിട്ട് പരീക്ഷ എഴുതി വന്നോളൂ’ എന്നായിരുന്നു ശ്രീനിയേട്ടന്‍ പറഞ്ഞത്. വളരെ സിമ്പിളായിട്ടായിരുന്നു അദ്ദേഹം അത് പറഞ്ഞത്. അങ്ങനെ ഡിഗ്രി വരെ ഞാന്‍ പഠിച്ചു. കോളേജ് ലൈഫ് എന്‍ജോയ് ചെയ്യാനും പറ്റി,’ ദിവ്യ ഉണ്ണി പറഞ്ഞു.
അതേസമയം, മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക എന്നതിനപ്പുറം മികച്ച നര്‍ത്തകി കൂടിയാണ് ദിവ്യ ഉണ്ണി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയവര്‍ണ്ണങ്ങള്‍, ചുരം, ആകാശഗംഗ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്.
Content Highlights: divya unni about mammooty and sreenivsan