ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോട് പൊരുതി പന്തളം സ്വദേശി രാഗേഷ് കൃഷ്ണനൻ തന്റെ സിനിമയുമായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒന്നരവര്‍ഷം കൊണ്ടാണ് രാഗേഷ് 'കളം @ 24' എന്ന സിനിമ പൂർത്തിയാക്കിയത്.
നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തതിന് ശേഷമാണ് രാഗേഷ് കൃഷ്ണൻ തന്റെ ആദ്യ സിനിമയുമായി എത്തുന്നത്. പന്തളം, കായംകുളം, നോർത്ത് പറവൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. സ്വന്തമായി വിതരണം ചെയ്യുന്നതിനാൽ കുറച്ച് തിയേറ്ററുകൾ മാത്രമാണ് തങ്ങൾക്ക് കിട്ടിയതെന്നും ഒരുപാട് തിയേറ്ററിലേക്ക് തന്റെ സിനിമയെത്തണമെന്ന ആഗ്രഹവും റിപ്പോർട്ടറിനോട് പങ്കുവച്ചിരിക്കുകയാണ് രാഗേഷ് കൃഷ്ണൻ.
'നമ്മുടെ സിനിമ ഞങ്ങൾ സ്വന്തമായിട്ടാണ് വിതരണം ചെയ്യുന്നത്. അതുകൊണ്ട് കുറച്ച് തിയേറ്ററുകളാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ളത്. ആരെങ്കിലും മുന്നോട്ട് വന്ന് കുറച്ച് കൂടി തിയേറ്ററുകൾ നൽകിയാൽ വളരെ സന്തോഷം', രാഗേഷ് കൃഷ്ണൻ പറഞ്ഞു. 'സഹതാപം തോന്നുന്നതിന് പകരം അയാളെ സഹായിക്കാനാകുമോ എന്നാണ് നമുക്ക് തോന്നേണ്ടത്. എനിക്ക് അസുഖമുണ്ട്, അത് ഞാൻ സമ്മതിക്കുന്നു പക്ഷെ എന്റെ ബുദ്ധിമുട്ട് മനസിലാക്കി ആരുടെ മുന്നിലും സഹതാപത്തിനായി ചെന്ന് നിൽക്കാൻ ഞാനില്ല. ഒരാളുടെ മുന്നിൽ ചെല്ലുമ്പോൾ ഒരു നോർമൽ വ്യക്തി എങ്ങനെ ആണോ സംസാരിക്കുന്നത് അതുപോലെയാണ് ഞാനും സംസാരിക്കുന്നത്. അതൊരു കുറ്റമല്ലല്ലോ. മറ്റൊരാൾക്ക് വേറെ രീതിയിൽ തോന്നുന്നത് അവരുടെയും കുറ്റമല്ലല്ലോ', രാഗേഷ് കൃഷ്ണൻ കൂട്ടിച്ചേർത്തു.
രാഗേഷ് കൃഷ്ണന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
'ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. രാകേഷിന്റെ ഇന്റർവ്യൂകൾ ചിലപ്പോൾ നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടുകാണും. ആ ചെറുപ്പക്കാരൻ പിന്നിട്ട സഹനവഴികൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ നമുക്ക് കണ്ണ് നിറയും. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ്സ്റ്റാൻഡിൽ ഷർട്ട് ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവച്ചിട്ടുണ്ട്. സിനിമയോടുള്ള രാകേഷിന്റെ തീവ്രമായ സ്നേഹം പടം റിലീസ് ചെയ്യുന്നതിൽ വരെ എത്തിയിട്ടുണ്ട്. ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയറ്ററുകളിൽ മാത്രമേയുള്ളൂ. നിങ്ങളിൽ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററിൽ പോയി രാകേഷിന്റെ സിനിമ കാണണം. കണ്ടാൽ സോഷ്യൽ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവയ്ക്കണം. പിന്തുണയ്ക്കണം. രാകേഷ് അത് അർഹിക്കുന്നുണ്ട്', എന്നാണ് സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചത്.
സിനി ഹൗസ് പ്രൊഡക്ഷൻസും സിഎംകെ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അങ്കിത് ജോർജ് അലക്സ്, ശിശിര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിശാൽ മോഹൻദാസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ബിഞ്ജു ബാബു ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.
Content Highlights: ragesh krishnan request more theatres for his film Kalam @24