തിരക്കഥയുടെ ആദ്യ പകുതി കഴിഞ്ഞപ്പോഴേക്കും ദുൽഖർ സൽമാൻ ലക്കി ഭാസ്കർ ചെയ്യാൻ തയ്യാറായി എന്ന് സംവിധായകൻ വെങ്കി അറ്റ്‌ലൂരി. ദുൽഖറിനോട് ലക്കി ഭാസ്കറിന്റെ കഥ പറയുമ്പോൾ ഫസ്റ്റ് ഹാഫിൽ നിന്ന് രണ്ട്സീനും രണ്ടാം പകുതിയിൽ നിന്ന് രണ്ട് സീനുമാണ് താൻ പറഞ്ഞത്, അതിൽ ക്ലൈമാക്‌സും ഉൾപ്പെട്ടിരുന്നു. രണ്ടാം പകുതി നരേഷൻ ചെയ്യാൻ ആരംഭിച്ചപ്പോഴേക്കും ദുൽഖർ ഉറപ്പിച്ചിരുന്നു, സിനിമ ചെയ്യാൻ. പക്ഷേ, താൻ രണ്ടാം പകുതിയും വായിച്ചു കേൾപ്പിച്ചെന്നും ഗലാട്ട പ്ലസ് നടത്തിയ റൗണ്ട്ടേബിളിൽ വെങ്കി അറ്റ്‌ലൂരി പറഞ്ഞു.
'ഒരാളോട് കഥ പറയാൻ പോകുമ്പോൾ അയാളുടെ മാക്സിമം അറ്റെൻഷൻ സ്പാൻ ഒന്നര മണിക്കൂർ ആയിരിക്കും. മൂന്ന് മണിക്കൂർ ഉള്ള ഒരു കഥയെ ഈ സമയത്തിനുള്ളിൽ നമ്മൾ അവരോട് പറയണം. ലക്കി ഭാസ്കറിന്റെ കഥ ആദ്യ പകുതി പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ദുൽഖർ സിനിമ ചെയ്യാൻ തയ്യാറായിരുന്നു. പിന്നീട് അദ്ദേഹം എത്രയാണ് ബഡ്ജറ്റ് ഉദ്ദേശിക്കുന്നത്, നിർമാതാക്കൾക്ക് ഓക്കേ ആണോ തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു ചോദിച്ചത്. രണ്ടാം പകുതി നരേഷൻ ചെയ്യാൻ ആരംഭിച്ചപ്പോഴേക്കും ദുൽഖർ ഉറപ്പിച്ചിരുന്നു, സിനിമ ചെയ്യാൻ', വെങ്കി അറ്റ്‌ലൂരി പറഞ്ഞു.
മികച്ച വിജയമായിരുന്നു ലക്കി ഭാസ്കർ തിയേറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. നല്ല അഭിപ്രായങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിൽ നേടിയിരുന്നു. നവംബർ 28 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.
മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ ചിത്രത്തില്‍ എത്തിയത്.
Content Highlights: Dulquer was ready to act in Lucky Bhaskar after first half narration says Venky Atluri