എസ് പി ബിയുടെ ശബ്‍ദം AI യിലൂടെ പുന:സൃഷ്ടിക്കേണ്ടതില്ല, ആര് ചോദിച്ചാലും സമ്മതിക്കില്ല; എസ് പി ചരൺ

'നിങ്ങൾക്ക് അദ്ദേ​ഹത്തിന്റെ ശബ്ദത്തെ പുന:സൃഷ്ടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ അദ്ദേഹം പാടുമ്പോഴുള്ള ഇമോഷനെ നിങ്ങൾക്കൊരിക്കലും അതേപടി പകർത്താൻ സാധിക്കില്ല.'

dot image

പല സംഗീത സംവിധായകരും മണ്മറഞ്ഞു പോയ ഗായകരുടെ ശബ്ദം എഐയിലൂടെ ഇപ്പോൾ പുന:സൃഷ്ടിക്കുക പതിവാണ്. മലേഷ്യ വാസുദേവൻ, ഭവതാരിണി തുടങ്ങിയവരുടെ ശബ്ദങ്ങൾ എഐയിലൂടെ പുന:സൃഷ്ടിച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം പുന:സൃഷ്ടിക്കലുകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് എസ് പി ബിയുടെ മകനും ​ഗായകനുമായ എസ് പി ചരൺ.

എസ് പി ബിയുടെ ശബ്‍ദം എഐയിലൂടെ പുന:സൃഷ്ടിക്കുന്നതിനോട് താൽപര്യമില്ലെന്നും എത്ര വലിയ സംവിധായകൻ വന്നു ചോദിച്ചാലും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടെലിവികടന് നൽകിയ അഭിമുഖത്തിലാണ് എസ് പി ചരൺ ഇക്കാര്യം പറഞ്ഞത്.

'ഗായകർക്ക് ഒരു പാട്ട് കേട്ട് അത് പാടാണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം എപ്പോഴുമുണ്ട്. പക്ഷേ AI വരുന്നതിലൂടെ ആ തീരുമാനം എടുക്കുന്നതിലുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. എല്ലാ പാട്ടും എസ്പിബിയെ കൊണ്ട് പാടിക്കാം, എല്ലാ പാട്ടും മലേഷ്യ വാസുദേവനെക്കൊണ്ട് പാടിക്കാം എന്നു പറഞ്ഞാൽ അത് ശരിയല്ലല്ലോ? വാസുദേവൻ സാറിന്റെ പല ​ഗാനങ്ങളും ലെജൻഡറിയാണ്. നിങ്ങൾക്ക് ആ പാട്ടിനെ അതേപടി പകർത്താൻ സാധിക്കില്ല. നിങ്ങൾക്ക് അദ്ദേ​ഹത്തിന്റെ ശബ്ദത്തെ പുന:സൃഷ്ടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ അദ്ദേഹം പാടുമ്പോഴുള്ള ഇമോഷനെ നിങ്ങൾക്കൊരിക്കലും അതേപടി പകർത്താൻ സാധിക്കില്ല. കുറേ പേർ വന്ന് എന്നോട് ചോദിക്കുന്നുണ്ട്, നിങ്ങളുടെ അച്ഛന്റെ ശബ്ദം AI ചെയ്തോട്ടെ എന്നൊക്കെ. പക്ഷേ അവരൊടെല്ലാം ഞാൻ വേണ്ട എന്ന് തന്നെയാണ് പറയാറുള്ളത്', എസ് പി ചരൺ പറഞ്ഞു.

ദളപതി വിജയ് നായകനായ ദി ഗോട്ട് എന്ന ചിത്രത്തിൽ അന്തരിച്ച ഗായിക ഭവതാരിണിയുടെ ശബ്ദം യുവൻ ശങ്കർ രാജ എഐയിലൂടെ പുനസൃഷ്ട്ടിച്ചിരുന്നു. ചിന്ന ചിന്ന കൺങ്കൾ എന്ന പാട്ടിനായിരുന്നു യുവൻ എഐ ഉപയോഗിച്ചത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ എന്ന ചിത്രത്തിലെ അനിരുദ്ധ് സംഗീതം നൽകിയ 'മനസ്സിലായോ' എന്ന ​ഗാനത്തിലും അന്തരിച്ച ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദം എഐയിലൂടെ പുന:സൃഷ്ടിച്ചിരുന്നു.

Content Highlights: I won't allow to recreate spb's voice using AI says SP charan

dot image
To advertise here,contact us
dot image