'പുഷ്പയ്ക്ക് ടിക്കറ്റെടുക്കാൻ ലോൺ എടുക്കണോ?'; ടിക്കറ്റ് നിരക്ക് 1200, അംഗീകാരം നൽകി തെലങ്കാന സർക്കാർ

ഡിസംബര്‍ നാലിന് രാത്രി 9.30ന് ആദ്യ ഷോ നടത്താന്‍ തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്‍കി എന്ന വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

dot image

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ 2 ദി റൂൾ'. ഡിസംബർ അഞ്ചിന് തിയേറ്ററിലെത്തുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഡിസംബര്‍ നാലിന് രാത്രി 9.30ന് ആദ്യ ഷോ നടത്താന്‍ തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്‍കി എന്ന വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഈ ഷോയുടെ ടിക്കറ്റ് നിരക്കും ചർച്ചയാകുന്നുണ്ട്. സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളില്‍ 1120 രൂപയും മള്‍ട്ടിപ്ലെക്‌സുകളില്‍ 1230 രൂപയുമാണ് നിരക്ക്. ഇതിന് പുറമെ പുലര്‍ച്ചെ ഒരു മണി, നാലു മണി എന്നീ സമയങ്ങളിലും ഷോ നടത്തുന്നതിന് തെലങ്കാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിംഗിള്‍ സ്‌ക്രീനുകളില്‍ 350 രൂപയും മള്‍ട്ടിപ്ലക്‌സുകളില്‍ 530 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സാധാരണയുള്ളതിനേക്കാൾ 150 രൂപയോളം അധികം ഈടാക്കാനാണ് സര്‍ക്കാര്‍ അംഗീകാരം നൽകിയിരിക്കുന്നത്.

ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. സാധാരണ ജനങ്ങൾ ഇത്തരം ടിക്കറ്റ് നിരക്കുകൾ എങ്ങനെ സഹിക്കുമെന്നാണ് പലരും ചോദിക്കുന്നത്. 'പുഷ്പയ്ക്ക് ടിക്കറ്റെടുക്കാൻ ലോൺ എടുക്കേണ്ടി വരുമോ?', 'ഈ പൈസയ്ക്ക് രണ്ട് സിനിമകൾ കാണാമല്ലോ' എന്നിങ്ങനെ പോകുന്നു പ്രേക്ഷകരുടെ കമന്റുകൾ.

അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്.

ഇന്ത്യയെമ്പാടും തരംഗമായി മാറിയ 'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ ദ റൂള്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗവും തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Content Highlights: Telangana government approves price hike for Pushpa 2 movie

dot image
To advertise here,contact us
dot image