മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ചിത്രമാണ് 'മാർക്കോ'. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ഡിസംബർ 20ന് തിയേറ്ററിലെത്തും. ചിത്രത്തിന്റെ പ്രോമോ സോങ് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. 'ഓൻ നിന്റെ മാർപാപ്പ' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാപ്പര്‍ ബേബി ജീന്‍ ആണ്. ഈ രണ്ടാമത്തെ ഗാനവും യൂട്യൂബ് ട്രെൻഡിംഗിൽ കയറിയിരിക്കുകയാണ്. ചിത്രത്തിലേതായി ആദ്യമിറങ്ങിയ സിംഗിൾ 'ബ്ലഡ്' ഡബ്സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്‍ദത്തിലെത്തി സോഷ്യൽമീഡിയ മുഴുവൻ ഭരിക്കുന്നതിനിടയിലാണ് രണ്ടാമത്തെ ഗാനമായ 'മാർപ്പാപ്പ' ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുന്നത്. 'ബ്ലഡ്' ഇപ്പോഴും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗിൽ ഒന്നും രണ്ടും സ്ഥാനത്തുണ്ട്.
സംഗീത സംവിധായകൻ സുഷിന്‍റെ ശ്യാമിന്‍റെ മ്യൂസിക് ടീമിൽ അംഗമായിരുന്ന സയീദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാർ വരികളെഴുതി ബേബി ജീന്‍റെ ശബ്‍ദത്തിലാണ് എത്തിയത്. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന 'ബസൂക്ക'യുടെ ടീസർ മ്യൂസിക്കും ഒരുക്കിയിരുന്നത് സയീദ് അബ്ബാസ് ആയിരുന്നു. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകർന്നിരുന്ന ഗാനമായിരുന്നു ചിത്രത്തിലെ ആദ്യ സിംഗിളായെത്തിയ 'ബ്ലഡ്'. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ മലയാളം, ഹിന്ദി ടീസറുകള്‍ ഏവരും ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടൈയ്ൻമെന്‍റ്സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്‍റർടൈയ്ൻമെന്‍റ്സ്.
ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Baby Jean song from Unni Mukundan film Marco tops the trending list