അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആരാധകരെ ആർമി എന്ന് വിളിച്ചതിന്റെ പശ്ചാത്തലത്തിൽ അല്ലുവിനെതിരെ പൊലീസിൽ പരാതി വന്നിരിക്കുകയാണ്. ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തിയാണ് ഹൈദരാബാദിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അല്ലു ആരാധകരെയും ഫാൻസ് ക്ലബിനെയും സൈന്യവുമായി താരതമ്യം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് പരാതിയിൽ പറയുന്നു. 'സൈന്യം എന്നത് മാന്യമായ പദവിയാണ്. അവരാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത്, അതിനാൽ ആരാധകരെ അങ്ങനെ വിളിക്കാൻ കഴിയില്ല. പകരം അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിയുന്ന മറ്റ് നിരവധി പദങ്ങളുണ്ട്' എന്നും പരാതിയിൽ പറയുന്നു. ഗ്രീൻ പീസ് എൻവയോൺമെൻ്റ് ആൻഡ് വാട്ടർ ഹാർവെസ്റ്റിംഗ് ഫൗണ്ടേഷൻ്റെ പ്രസിഡൻ്റാണ് ശ്രീനിവാസ് ഗൗഡ്.
പുഷ്പ 2 വിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു അല്ലു ആരാധകരെ ആർമി എന്ന് അഭിസംബോധന ചെയ്തത്. താൻ അവരെ ആരാധകരായിട്ടല്ല, മറിച്ച് ഒരു ആർമിയായിട്ടാണ് കണക്കാക്കുന്നതെന്നായിരുന്നു നടൻ പറഞ്ഞത്. അവർ തന്നോടൊപ്പം എന്നും നിൽക്കുന്നു. അവർ തന്നെ ആഘോഷിക്കുന്നു. ഒരു സൈന്യത്തെ പോലെ തനിക്കൊപ്പം നിൽക്കുന്നു എന്നെല്ലാം നടൻ തന്റെ ആരാധകരെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഡിസംബർ അഞ്ചിനാണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
Content Highlights: Police complaint filed against Allu Arjun for calling his fans army