എല്ലാ സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്ന പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചപ്പോൾ ആരാധകരുടെ കണ്ണുടക്കിയത് പോസ്റ്ററിൽ തോക്കു ചൂണ്ടി നിൽക്കുന്ന ആ ആക്ഷൻ ലേഡിയിലേക്കാണ്. അത് ആരാണെന്ന് അറിയാനുള്ള തിരച്ചിലിലാണ് ആരാധകർ ഇപ്പോൾ.
ഹോളിവുഡ് നടിയായ കരോലിൻ കോസിയോൾ ആണ് പൃഥ്വിരാജ് ചിത്രത്തിലെ ആക്ഷൻ ക്വീൻ. ചിത്രത്തിന്റെ പോസ്റ്റർ നടി കൂടി പങ്കുവെച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലൈൻ ഓഫ് ഡ്യൂട്ടി, ഹോളിയോക്സ്, പ്ലാറ്റ്‌ഫോം 7 എന്നീ ഹോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ നടിയാണ് കരോലിൻ കോസിയോൾ. ലണ്ടൻ തിയേറ്ററിലാണ് കരോലിൻ തന്റെ കരിയർ ആരംഭിച്ചത്. ഡ്രീം ക്യാച്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോസ് ഏഞ്ചൽസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
വിവിധ ഭാഷകളിലെ നിരവധി താരങ്ങൾ എമ്പുരാനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. നേരത്തെ ചിത്രത്തിന്റേതായി പങ്കുവെച്ച പുറം തിരിഞ്ഞു നിൽക്കുന്ന ഡ്രാഗൺ ചിത്രം പതിപ്പിച്ച പോസ്റ്ററിലെ നടനെയും ആരാധകർ കണ്ടെത്തിയിരുന്നു. ഫ്രഞ്ച് നടനായ എറിക് എബൗനിയായിരിക്കാം ഇത് എന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. ഇനിയും ഏതൊക്കെ രാജ്യങ്ങളിലെ അഭിനേതാക്കൾ ചിത്രത്തിലുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
അടുത്ത വർഷം മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ലൂസിഫറിൽ കേരള മുഖ്യമന്ത്രിയായി എത്തിയ ടൊവിനോയുടെ ജതിൻ രാംദാസ് എമ്പുരാനിലും എത്തുന്നുണ്ട്. ഒന്നാം ഭാഗമായ ലൂസിഫറും റിലീസിനെത്തിയത് മാർച്ച് മാസത്തിലായിരുന്നു. 2019 മാർച്ച് 28 നായിരുന്നു 'ലൂസിഫർ' പുറത്തിറങ്ങിയത്. 200 കോടിയും നേടിയായിരുന്നു അന്ന് ചിത്രം തിയേറ്റർ വിട്ടത്.
Content Highlights: Who is Caroline Koziol, the gun-toting empuran?