വിനീത് ശ്രീനിവാസന്‍ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം. ഈ വര്‍ഷം ഏപ്രിലില്‍ പ്രദർശനത്തിനെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെങ്കിലും ഒടിടി റിലീസിന് ശേഷം വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ചിത്രത്തിന്റ പ്രമോഷൻ ഭാഗമായി ധ്യാൻ ശ്രീനിവാസനും ബേസിൽ ജോസഫും നൽകിയ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആവേശം തിയേറ്ററിൽ വലിയ വിജയം നേടുന്നതിനുള്ള എല്ലാ ചേരുവകളുമുള്ള സിനിമയാണ് എന്ന് ആദ്യമേ മനസ്സിലായിരുന്നു. എന്നാൽ ഇപ്പുറത്ത് തങ്ങളുടേത് പതിഞ്ഞ താളത്തിൽ കഥ പറയുന്ന സിനിമയുമാണ്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി തുടങ്ങിയവർ പ്രമോഷന്റെ ഭാഗമാകില്ല എന്ന് മനസിലാക്കിയതിനെ തുടർന്നാണ് ബേസിൽ ജോസഫിനെ ഇറക്കിയതെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. എഎംഎംഎയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
'വര്‍ഷങ്ങള്‍ക്കു ശേഷ'വും 'ആവേശ'വും ഉണ്ണിമുകുന്ദന്‍ നായകനായ 'ജയ് ഗണേഷ്' എന്ന ചിത്രവും ഒന്നിച്ചായിരുന്നു റിലീസ്. പ്രൊമോഷന്‍ സമയത്ത് ഫഹദ് ഫാസില്‍ വിളിച്ച് ഒന്നിച്ച് പ്രൊമോഷന്‍ ചെയ്യാമെന്ന നിര്‍ദേശം വെച്ചിരുന്നു. ഉണ്ണിയേയും വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഉണ്ണി ആ സമയത്ത് ഗുജറാത്തിലായതിനാല്‍ ആ പ്ലാന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിന്നെ ഞാന്‍ ഒറ്റയ്ക്ക്. കാരണം പ്രണവ് വരില്ല പ്രൊമോഷന്. നിവിന്‍ വരില്ല, കല്യാണി വരില്ല, അങ്ങനെ ആരുമില്ല. അങ്ങനെ ആരെ വിളിക്കും എന്ന് ചിന്തിച്ചു. അപ്പോ ഞാന്‍ മറ്റവനെ ഇറക്കി. ബേസിലിനെ. കാരണം 'ആവേശ'ത്തിനൊപ്പം നില്‍ക്കണ്ടേ? അവര്‍ ഇലുമിനാറ്റിയും ഗലാട്ടയുമൊക്കെയായി നില്‍ക്കുകയാണ്. അവരോട് പിടിച്ചുനില്‍ക്കണ്ടേ? ചേട്ടനാണെങ്കില്‍ പല സ്ഥലത്തും പോയി എന്തൊക്കെയോ പറയുന്നു എന്നല്ലാണ്ട് ഒന്നും അങ്ങോട്ട് കേറുന്നില്ല. ചെന്നൈ, നന്മ ഇതൊക്കെയാണ് പരിപാടി. അതുകൊണ്ട് കൂടുതലൊന്നും പറയാനുമില്ല.
ബേസിലിന് അന്ന് വയ്യായിരുന്നു. അവനെ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു, നീയൊരു രണ്ട് പരിപാടിക്ക് ഇരുന്ന് തന്നാല്‍ മതി എന്ന്. സിനിമയൊന്നും ചര്‍ച്ച ചെയ്യേണ്ട, അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞാല്‍ മതി. അങ്ങനെ ഒരു പത്തോളും ഇന്റര്‍വ്യൂ കൊടുത്തു. ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞപ്പോഴേക്കും ഇതൊന്ന് പൊന്തി. അത് പിന്നെ ഒരു ബാധ്യതയായി. കാരണം ഇന്റര്‍വ്യൂസിലെ കോമഡികളൊക്കെ ചിത്രത്തിലും ഉണ്ടെന്നും ചിത്രം അത്തരത്തില്‍ ഒന്നാണെന്നും ആള്‍ക്കാര്‍ കരുതി. ഇന്റര്‍വ്യൂസിലെ തമാശയൊന്നും സിനിമയിലില്ലല്ലോ എന്നാണ് ആളുകള്‍ ചോദിച്ചത്' ധ്യാന്‍ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷവും ജിത്തു മാധവൻ ഒരുക്കിയ ആവേശവും തമ്മിലെ ബോക്സ് ഓഫീസ് ക്ലാഷ് ഏറെ ചർച്ചയായിരുന്നു. വിഷു സീസണിൽ റിലീസ് ചെയ്ത ഇരുസിനിമകളും വലിയ വിജയങ്ങളുമായി. ആ സമയം വർഷങ്ങൾക്ക് ശേഷത്തിന്റെ തിയേറ്റർ വിസിറ്റിനിടെ ആവേശത്തിന്റെ റിവ്യൂ ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
Content Highlights: Dhyan Srinivasan about the promotional interviews of varshangalkku shesham movie