ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പുതിയ ചിത്രമാണ് സൂക്ഷ്മദർശിനി. സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമയിൽ ബേസിൽ അവതരിപ്പിക്കുന്ന മാനുവൽ ഒരു ഉടുമ്പിനെ പിടിക്കുന്ന രംഗമുണ്ട്. ആ രംഗവും അത് കഴിഞ്ഞുള്ള സംഭവങ്ങളും തിയേറ്ററുകളിൽ വലിയ ചിരി ഉണർത്തുകയും ചെയ്തിരുന്നു. അവിടെ എന്തുകൊണ്ട് ഉടുമ്പിനെ കൊണ്ടുവന്നു എന്നതിന് പിന്നിലെ കഥ റിപ്പോർട്ടർ ലൈവുമായി പങ്കുവെക്കുകയാണ് സംവിധായകൻ എം സി ജിതിൻ.
'തിരക്കഥയുടെ രണ്ടാമത്തെ ഡ്രാഫ്റ്റിൽ ഒരു ബാക്ക് സ്റ്റോറിയുണ്ടായിരുന്നു. അവിടെ മാനുവലിന്റെ ചെറുപ്പകാലം ഒരുക്കിയിരുന്നു. മാനുവലും കുടുംബവും കഥ നടക്കുന്ന വീട്ടിലാണ് ചെറുപ്പത്തിൽ താമസിച്ചിരുന്നത്. മാനുവലും പെങ്ങളും ഹൈഡ് ആൻഡ് സിക്ക് കളിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അവിടെയുള്ള ചായ്പ്പിൽ പോയി ഒളിച്ചുനിൽക്കുമ്പോൾ ഒരു ശബ്ദം കേട്ട് മാനുവൽ പേടിക്കും. അത് ഒരു ഉടുമ്പായിരുന്നു. പിന്നീട് വലുതായി കഴിഞ്ഞ് അത്തരത്തിൽ ഒരു ഉടുമ്പിനെ മാനുവൽ പിടിക്കുന്ന തരത്തിലായിരുന്നു പ്ലാൻ ചെയ്തത്. അത്തരത്തിൽ ഓരോ സംഭവങ്ങൾക്കും ഒരു ബാക്ക് സ്റ്റോറിയുണ്ട്,' എന്ന് എം സി ജിതിൻ പറഞ്ഞു.
അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്.
ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
Content Highlights: MC Jithin talks about Sookshmadarshini movie