വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി വലിയ വിജയം നേടിയ തമിഴ് ചിത്രമാണ് മഹാരാജ. ഈ വർഷം ജൂണിൽ ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസം മുതൽ ചൈനയിലും പ്രദർശനം ആരംഭിച്ചിരുന്നു. സിനിമയ്ക്ക് ചൈനയിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നതും. ഇതിന് പിന്നാലെ സിനിമ ജപ്പാനിൽ റിലീസിന് ഒരുങ്ങുകയാണ്. ചൈനയ്ക്ക് പിന്നാലെ ജപ്പാനിലും സിനിമ റിലീസ് ചെയ്യുന്നതിലൂടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ചർച്ചയാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ചിത്രം ചൈനയിൽ റെക്കോർഡ് കളക്ഷനാണ് നേടുന്നത്. 25 കോടിക്ക് മുകളിൽ സിനിമ കളക്ട് ചെയ്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഒരു തമിഴ് ചിത്രം ചൈനീസ് ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് മഹാരാജയ്ക്ക് സ്വന്തമായി കഴിഞ്ഞു. നവംബർ 29 നായിരുന്നു സിനിമ ചൈനയിൽ പ്രദർശനം ആരംഭിച്ചത്.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
Content Highlights: Vijay Sethupathi's 'Maharaja' is to hit the big screens in Japan