മമ്മൂക്കയുള്ളത് കൊണ്ടല്ലേടാ നീ രക്ഷപ്പെട്ടത് എന്ന് അച്ഛൻ ചോദിച്ചപ്പോൾ സങ്കടം വന്നു: ബിജുക്കുട്ടന്‍

പോത്തൻ വാവ എന്ന ചിത്രത്തിന് ശേഷം ചോട്ടാ മുംബൈയിലെ ബിജുക്കുട്ടന്റെ കഥാപാത്രവും ശ്രദ്ധനേടിയിരുന്നു.

dot image

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിജുക്കുട്ടന്‍. മമ്മൂട്ടി നായകനായെത്തിയ 'പോത്തൻ വാവ' എന്ന ചിത്രത്തിലെ കഥാപാത്രമാണ് ബിജുക്കുട്ടനെ ശ്രദ്ധേയനാക്കിയത്. ഇപ്പോഴിതാ തന്റെ അച്ഛൻ വലിയ മമ്മൂട്ടി ഫാൻ ആണെന്ന് പറയുകയാണ് ബിജുക്കുട്ടന്‍. പോത്തൻ വാവ ഇറങ്ങിയപ്പോൾ 'മമ്മൂക്കയുള്ളത് കൊണ്ടല്ലേടാ നീ രക്ഷപ്പെട്ടത്' എന്ന് അച്ഛൻ ചോദിച്ചപ്പോള്‍ സങ്കടം വന്നെന്നും ബിജുക്കുട്ടന്‍ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'എന്റെ വീട്ടിൽ എന്റെ അച്ഛൻ മമ്മൂട്ടിയുടെ ഭയങ്കര ഫാൻ ആണ്. അച്ഛൻ വെള്ളമടിച്ചിട്ട് വരുമ്പോൾ അച്ഛനെ മൂപ്പിക്കാൻ വേണ്ടിയിട്ട് ഞങ്ങൾ മോഹൻലാലിന്റെ പടം ഇറങ്ങിയിട്ടുണ്ട് അടിപൊളിയാണ് കേട്ടോ എന്ന് പറയും. അത് കേൾക്കുമ്പോൾ അച്ഛൻ അവിടെ നിന്ന് പയ്യെ എഴുന്നേൽക്കും. എന്നിട്ട് പറയും മോനെ മമ്മൂട്ടി എന്നു പറഞ്ഞാൽ ഇന്ത്യയാണ് എന്ന്. ഓഹ് പിന്നെ എന്നിട്ട് ഹിന്ദിയിൽ ഇല്ലല്ലോ എന്ന് ഞങ്ങൾ തിരിച്ച് ചോദിക്കും. അത് കേൾക്കുമ്പോൾ അച്ഛന് ഭയങ്കര ദേഷ്യം വരും. അച്ഛനെ വെറുപ്പിക്കാൻ വേണ്ടി ഞങ്ങൾ ഇത് ഇങ്ങനെ വെറുതെ പറഞ്ഞുകൊണ്ടേയിരിക്കും.

പോത്തൻ വാവ റിലീസ് ആയ സമയത്ത് ഞാൻ ദുബായിൽ ആയിരുന്നു. തിരിച്ചു വന്നതിന് ശേഷം എല്ലാവർക്കും കൂടിപ്പോയി സിനിമ കാണാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ കുടുംബത്തോടെയാണ് അന്ന് ആ സിനിമ കാണാൻ ഞങ്ങൾ പോയത്. തിരിച്ച് വീട്ടിൽ വന്നപ്പോൾ അച്ഛൻ ചോദിച്ചു, ഡാ മമ്മൂക്കയാണോ മോഹൻലാൽ ആണോ നല്ലത് എന്ന്. എന്റെ മമ്മൂക്കയുള്ളത് കൊണ്ടല്ലേടാ നീ രക്ഷപ്പെട്ടത്, അദ്ദേഹം വേണ്ടി വന്നില്ലേടാ നിന്നെ സിനിമയിലെടുക്കാൻ എന്ന്', ബിജുക്കുട്ടന്‍ പറഞ്ഞു.

അച്ഛന്റെ ചോദ്യം കേട്ടപ്പോൾ സങ്കടം വന്നുവെന്നും അത് ഒരു തമാശ പറ‍ഞ്ഞതല്ലേ എന്നാണ് അച്ഛന് നൽകിയ മറുപടിയെന്നും ബിജുക്കുട്ടന്‍ പറഞ്ഞു. പോത്തൻ വാവ എന്ന ചിത്രത്തിന് ശേഷം ചോട്ടാ മുംബൈയിലെ ബിജുക്കുട്ടന്റെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളസിനിമയില്‍ സജീവമാകാന്‍ ബിജുക്കുട്ടന് സാധിച്ചു.

Content Highlights:  actor bijukuttan about mammootty

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us