മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകളാണ് മലയാള സിനിമാലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. സിനിമയിൽ മോഹൻലാൽ കാമിയോ വേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ നടന്റേത് കാമിയോ അല്ല ഉടനീളമുള്ള വേഷം തന്നെയായിരിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇവർക്കും കാമിയോയ്ക്ക് അപ്പുറം പ്രാധാന്യമുള്ള വേഷങ്ങളായിരിക്കും എന്നും അദ്ദേഹം ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇവരെയെല്ലാം മികച്ച രീതിയിൽ സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നത് ചലഞ്ചാണ്. ചിത്രം യഥാർത്ഥ സംഭവങ്ങൾ പശ്ചാത്തലമാക്കിയല്ല ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
കമൽഹാസനൊപ്പം മഹേഷ് നാരായണൻ ഒരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. ആ ചിത്രമാണ് പിന്നീട് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന്റെ സിനിമയാക്കിയത് എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കമൽഹാസനൊപ്പമുള്ള സിനിമയുടെ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.
തെന്നിന്ത്യൻ നായിക നയൻതാരയാണ് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന്റെ മഹേഷ് നാരായണൻ സിനിമയിൽ നായികയായി എത്തുന്നത്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
Content Highlights: Mohanlal In A Full Fledge Role says Mahesh Narayanan