ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജില്‍ തുടരെ തുടരെ ഹിറ്റുകളടിച്ചുവരികയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ജാന്‍എമന്‍, പാല്‍തു ജാന്‍വര്‍, ജയ ജയ ജയ ജയഹേ, കഠിന കഠോരമീ അണ്ഡകടാഹം, ഫാലിമി, ഗുരുവായൂരമ്പല നടയില്‍, നുണക്കുഴി അങ്ങനെ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച് ഇപ്പോള്‍ 'സൂക്ഷ്മദര്‍ശിനി'യിലൂടെ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് സംവിധായകരിലെ നടനും നടന്മാരിലെ സംവിധായകനുമായ ബേസില്‍.
ബേസില്‍ സംവിധാനം ചെയ്ത സിനിമകളിലെ നായകന്മാര്‍ പലരും ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങളായിരുന്നുവെങ്കിലും അയാള്‍ അഭിനയിച്ച സിനിമകളിലെല്ലാം സാധാരണക്കാരായ കഥാപാത്രങ്ങളായാണ് എത്തിയത്. ചെറിയ വേഷങ്ങളില്‍ അഭിനയിച്ചഭിനയിച്ച് നായകനിരയിലേക്കുയര്‍ന്നപ്പോള്‍ ബേസില്‍ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ചു.
ഇപ്പോള്‍ ബേസില്‍ - നസ്രിയ കോംബോ ആദ്യമായി ഒന്നിച്ച സൂക്ഷ്മദര്‍ശിനിയും പ്രേക്ഷകരുടെ പ്രിയം നേടി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. ബേസിലിന്റെ ആദ്യ 50 കോടി നേട്ടം എംസി സംവിധാനം ചെയ്ത 'സൂക്ഷ്മദര്‍ശിനി'യിലൂടെയാകുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
ഒന്നുകില്‍ മകന്‍, അല്ലെങ്കില്‍ ഭര്‍ത്താവ്, അല്ലെങ്കില്‍ അയലത്തെ യുവാവ് അങ്ങനെ അങ്ങനെ ഓരോ സിനിമകളിലും തുടര്‍ന്നുവന്ന പരിപാടി ഒന്ന് അടിമുടി മാറ്റിപ്പിടിച്ചിരിക്കുകയാണ് ബേസില്‍ 'സൂക്ഷ്മദര്‍ശിനി'യില്‍. ചിത്രത്തില്‍ ഒരു സ്‌നേഹനിധിയായ മകന്റെ വേഷത്തിലാണെങ്കിലും ആ മകന്‍ ആളൊരു ചില്ലറക്കാരനല്ല. സൂക്ഷ്മദര്‍ശിനിയിലൂടെ ബേസില്‍ പ്രേക്ഷകരേവരേയും ഞെട്ടിച്ചിരിക്കുകയാണ്.
ബേസില്‍ ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ചിത്രത്തിലെ മാനുവല്‍ എന്ന കഥാപാത്രം. മാനുവലിനെ ബേസില്‍ സ്വതസിദ്ധമായ രീതിയില്‍ മികച്ചതായി മാറ്റിയിരിക്കുകയാണ്. വാക്കിലും നോക്കിലും മാനറിസങ്ങളിലും വരെ മാനുവലായി അയാള്‍ ജീവിക്കുകയായിരുന്നു. പ്രേക്ഷകരും ഈ മാറ്റം ഏറ്റെടുത്തുവെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍.
പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് ചിത്രത്തിന് ആദ്യവാരം നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂര്‍ണ്ണ പിന്തുണയോടെ ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ഉദ്വേഗജനകമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും, എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഇംതിയാസ് കദീര്‍, സനു താഹിര്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: നസീര്‍ കാരന്തൂര്‍, പോസ്റ്റര്‍ ഡിസൈന്‍: സര്‍ക്കാസനം, യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Sookshmadarashini movie to be Basil Joseph's first 50 crore film