മനോഹരി ചേച്ചിക്കായി ബേസിലിന്റെ കഥാപാത്രത്തില്‍ മാറ്റം വരുത്തി; എം സി റിപ്പോര്‍ട്ടറിനോട്

"മനോഹരി ചേച്ചിയുടെ മകനായി ബേസില്‍ വരുമ്പോള്‍ പ്രായം കൊണ്ട് ശരിയാകുമോ എന്നായിരുന്നു ചിന്ത. മമ്മൂക്കയുടെ അമ്മയായി വരെ ചേച്ചി അഭിനയിച്ചിട്ടുണ്ടല്ലോ"

dot image

സൂക്ഷ്മദര്‍ശിനിയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച നടി മനോഹരിയെ കുറിച്ച് സംസാരിച്ച് സംവിധായകന്‍ എം സി ജിതിന്‍. സിനിമ ആലോചിച്ച ആദ്യ നാളുകളിലെ മനോഹരിയുടെ കാസ്റ്റിങ് ഉറപ്പിച്ചിരുന്നെന്നും പല അഭിനേതാക്കളും മാറിയെങ്കിലും നടിയെ മാത്രം ഒരിക്കലും മാറ്റിയില്ലെന്നും എം സി പറയുന്നു. സിനിമയുടെ റിലീസിന് ശേഷം റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചിത്രത്തില്‍ മാനുവല്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബേസിലിനെ തെരഞ്ഞെടുത്ത ഘട്ടത്തില്‍ മനോഹരിയെ നിലനിര്‍ത്താനായി ചിത്രത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചും എംസി സംസാരിച്ചു.

'സൂക്ഷ്മദര്‍ശിനിയുടെ കഥ ആദ്യമായി ആലോചിക്കുമ്പോള്‍ മുതല്‍ മനോഹരി ചേച്ചിയെ ആയിരുന്നു ആ വേഷത്തിലേക്ക് ആലോചിച്ചത്. ഈ സിനിമയില്‍ ആദ്യ ഘട്ടം മുതല്‍ അവസാനം വരെ മാറാത്ത ഒരേയൊരു കാസ്റ്റ് മനോഹരി ചേച്ചിയുടെ ആണ്. ചേച്ചി തന്നെ ഈ കഥാപാത്രത്തെ ചെയ്യണമെന്ന് ഉറപ്പിച്ചിരുന്നു.

2019 മുതലേ, എന്റെയും ഞങ്ങള്‍ എല്ലാവരുടെയും മനസില്‍ ചേച്ചിയായിരുന്നു. ബേസിലിനെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്ന ഘട്ടത്തില്‍ ചേച്ചിയുടെ മകനായി ബേസില്‍ വരുമ്പോള്‍ പ്രായം കൊണ്ട് ശരിയാകുമോ എന്നായിരുന്നു ചിന്ത. മമ്മൂക്കയുടെ അമ്മയായി വരെ മനോഹരി ചേച്ചി അഭിനയിച്ചിട്ടുണ്ടല്ലോ.

അപ്പോഴാണ് മാനുവല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന മകനാണ് എന്നൊരു രീതിയിലേക്ക് കഥയെ കൊണ്ടുവരുന്നത്. ആദ്യം മാനുവലും അനിയത്തിയും എന്ന രീതിയിലായിരുന്നു കഥ. പിന്നീട് മൂത്ത ചേച്ചിയിലേക്ക് മാറ്റി. മനോഹരിചേച്ചിയെ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയത്,'

അതേസമയം, നവംബര്‍ 22ന് തിയേറ്ററുകളിലെത്തിയ സൂക്ഷ്മദര്‍ശിനി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റേയും, എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Content Highlights: Sookshmadarshini director about casting Manohari for mother's role

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us