'സാധാരണക്കാരുടെ ഉപജീവന മാർഗത്തിന്റെ മുകളിലാണ് എൻഡോസൾഫാൻ വിതറുന്നത്'; പ്രേം കുമാറിനെതിരെ ആത്മ

'കുടുംബത്തിലെ പ്രായമായ നല്ലൊരു ശതമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും, ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാവുന്ന ഒരു വിനോദോപാധി ആണ് സീരിയൽ എന്ന സത്യം ദയവുചെയ്ത് മറക്കരുത്'

dot image

ചില മലയാളം സീരിയലുകൾ 'എന്‍ഡോസള്‍ഫാന്‍' പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ പരാമർശത്തിൽ തുറന്ന കത്തുമായി സീരിയൽ അഭിനേതാക്കളുടെ സംഘടനായ ആത്മ. എന്‍ഡോസള്‍ഫാന്‍ എന്ന പ്രസ്താവനയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. സീരിയലുകളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അതിന് മാതൃകാപരമായ തിരുത്തലുകള്‍ വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേം കുമാര്‍ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി പ്രതിരിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉയര്‍ത്തിയ പ്രേംകുമാറിന്റെ നിലപാടിനെ അപലപിക്കുന്നതായി ആത്മ വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിന് 'ആത്മ' അയച്ച തുറന്ന കത്തിന്റെ പൂർണ്ണരൂപം

‘ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രേം കുമാറിന് ഒരു തുറന്ന കത്ത്…

സീരിയൽ സിനിമ നടനും, കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഒരിക്കൽ തന്റെ ജീവിതോപാധി ആക്കിയിരുന്ന മലയാള സീരിയലുകൾ, 'എൻഡോസൽഫാനേ'ക്കാൾ വിഷലിപ്തമാണ് എന്ന താങ്കളുടെ പ്രസ്താവനയിൽ, ആത്മ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഇനി എന്തെങ്കിലും കുറവുകൾ സീരിയൽ രംഗത്ത് ഉണ്ടെങ്കിൽ തന്നെ, അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നത്. സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ താങ്കളുടെ നിലപാടിനെ ആത്മ അപലപിക്കുന്നു…

സീരിയലിന്റെ നിർമിതി, കഥ, കഥ പറയുന്ന രീതി, കഥയിൽ താങ്കൾ കണ്ടെത്തിയ സാമൂഹ്യവിപത്തുകൾ, ദുസ്സൂചനകൾ, വിഷലിപ്തതകൾ ഇവയിൽ ഒന്നിലും ഇടപെടാനോ അഭിപ്രായം പറയുവാനോ ഉദ്ദേശിക്കപ്പെട്ടവരോ നിർദ്ദേശിക്കപ്പെടുന്നവരോ അല്ല അഭിനേതാക്കൾ എന്ന്, ഒരു നടൻ എന്ന നിലയിൽ താങ്കൾക്കും വ്യക്തമായി അറിവുള്ളതാണല്ലോ. തന്മൂലം, താങ്കൾ പരാമർശിക്കുന്ന "എൻഡോസൾഫാനിസം" പ്രസ്താവനയുടെ പിന്നാലെ നടീനടന്മാർക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല. എങ്കിലും, തങ്ങളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാനും നിർവാഹമില്ല.

സീരിയലിന്റെ ഉള്ളടക്കം, കഥ പറഞ്ഞു പോകേണ്ട രീതി, പ്രധാന ടെക്നീഷ്യൻസ്, അഭിനേതാക്കൾ, അവരുടെ വസ്ത്രധാരണം തുടങ്ങി സീരിയലുമായിട്ട് ബന്ധപ്പെട്ട സമസ്ത കാര്യങ്ങളും വിനോദ ചാനലുകൾ ആണ് നിഷ്കർഷിക്കുന്നത്. ആയതിനാൽ താങ്കളുടെ ആരോപണത്തിന്റെ കുന്തമുന ലക്ഷ്യം വെക്കുന്നത് കേരളത്തിലെ വിനോദ ചാനലുകളെയാണ്. മാത്രവുമല്ല, മലയാള സീരിയലുകളിൽ 90 ശതമാനവും മറ്റ് ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളുടെ മൊഴിമാറ്റം (റീമേക്ക്) ആണ്. അപ്പോൾ താങ്കൾ പറയുന്ന ഈ എൻഡോസൾഫാൻ, ഇന്ത്യ മൊത്തം വിതറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അവിടെ ഒന്നും സീരിയലുകൾ വിഷമാണെന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടുമില്ല..!

സെൻസർഷിപ്പിന് വിധേയമാകാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന അവരുടെ Original Content സിനിമകൾ, വെബ് സീരീസുകൾ, യുട്യൂബിലെ വിവിധതരം ഉള്ളടക്കങ്ങൾ, റീലുകൾ ചമയ്ക്കുന്ന വൈകൃത്യങ്ങൾ, സ്റ്റേജ് ഷോകളിൽ നടക്കുന്ന ബോഡി ഷേമിങ്ങുകൾ, വർണ വർഗ അധിക്ഷേപങ്ങൾ അവഹേളനങ്ങൾ ഇതൊക്കെ താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? എങ്കിൽ അവിടെയൊന്നും ഇല്ലാത്ത എൻഡോസൾഫാനിസം ചില സീരിയലുകളിൽ ഉണ്ട് എന്ന് പറയുമ്പോൾ, അത് ഏത് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഏത് സീരിയലിൽ ആണ് എന്ന് വ്യക്തമാക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം താങ്കളിൽ നിക്ഷിപ്തമാണ്. ഒരു പ്രഭാഷകനും ചിന്തകനും കൂടിയായ താങ്കളുടെ പ്രസ്താവനയിലെ 'ചില സീരിയലുകളിൽ' എന്നതിൽ ഒരു വ്യക്തത വരുത്തുന്നതോടുകൂടി എൻഡോസൾഫാൻ പ്രസ്താവനയിലെ നെല്ലും പതിരും തിരിച്ചറിയാൻ പറ്റും.

സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാദമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കൾ, കഴിഞ്ഞ 4 വർഷത്തിൽ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ, മറ്റ് ഏതെങ്കിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയോ ഒരു മീറ്റിങ് പോലും സംഘടിപ്പിച്ചതായി ആർക്കും അറിയില്ല. വിലകുറഞ്ഞ പ്രസ്താവനകൾക്ക് പകരം, ടെലിവിഷൻ മേഖലയുടെ ഉന്നമനത്തിനായുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഇനിയെങ്കിലും താങ്കളിൽ നിന്നും ഉണ്ടാകുമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.

കുടുംബത്തിലെ പ്രായമായ നല്ലൊരു ശതമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും, ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാവുന്ന ഒരു വിനോദോപാധി ആണ് സീരിയൽ എന്ന സത്യം ദയവുചെയ്ത് മറക്കരുത്. അവരവർക്ക് ഇഷ്ടപ്പെടുന്ന സീരിയലുകൾ മാത്രം കാണുവാനും. ഒന്നും കാണാതിരിക്കുവാനും ഉള്ള സ്വാതന്ത്ര്യം വിരൽത്തുമ്പിൽ റിമോട്ട് കൺട്രോൾ മുഖേന എല്ലാവർക്കും ഉണ്ടല്ലോ?

ഒരു സീരിയലിൽ 60 ഓളം ആളുകൾ (അഭിനേതാക്കൾ, ടെക്നീഷ്യൻസ്, പോസ്റ്റ് പ്രൊഡക്ഷൻ ടെക്നീഷ്യൻസ്, സപ്പോർട്ട് സർവീസ് മേഖല, ഡ്രൈവേഴ്സ്, മാനേജ്മെൻറ് സ്റ്റാഫ് …) വീതം പങ്കെടുക്കുന്ന 40 ഓളം സീരിയലുകളിലൂടെ നിരവധി സാധാരണക്കാരായ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമാണ് മലയാള സീരിയൽ മേഖല. പെൻഷൻ, പ്രോഡൻൻ്റ് ഫണ്ട്, ഇൻഷ്വറൻസ്, ഗ്രാറ്റിവിറ്റി, ബോണസ് തുടങ്ങി ഒരു ലൈഫ് സെക്യൂരിറ്റിയും, തൊഴിലുറപ്പും ഇല്ലാത്ത സീരിയൽ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാർഗത്തിന്റെ മുകളിലാണ് താങ്കൾ ഇപ്പോൾ 'എൻഡോസൾഫാൻ' വിതറിയിരിക്കുന്നത്..!

"ആത്മ" യിലെ ഒരു മുതിർന്ന അംഗം കൂടിയായ താങ്കൾ, മുൻപ് ഒരു അവസരത്തിൽ, ഇതേ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിൽ, ആത്മ പ്രസിഡണ്ട് കെ. ബി. ഗണേഷ് കുമാർ അധ്യക്ഷം വഹിച്ച ജനറൽബോഡിയിൽ സന്നിഹിതരായിരുന്ന ആത്മയിലെ അഭിനേതാക്കളുടെ മുൻപിൽ ഖേദപ്രകടനം നടത്തിയ കാര്യം മറന്നുപോയിട്ടില്ല എന്ന് കരുതുന്നു.

പ്രേം കുമാർ, താങ്കളുടെ വിമർശനം ആത്മാർഥമായിട്ടുള്ളതാണെങ്കിൽ, സീരിയൽ സംപ്രേഷണം ചെയ്യുന്ന എല്ലാ ചാനലുകളെയും, മറ്റു ടെലിവിഷൻ പ്രവർത്തകരെയും ഔദ്യോഗികമായി വിളിച്ചു വരുത്തി, കഥകളിലെ "എൻഡോസൾഫാനിസം" ഒഴിവാക്കി, സംശുദ്ധമായ പരമ്പരകൾ പ്രേക്ഷകർക്കു നൽകുവാൻ വേണ്ട നടപടികൾ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ഉടനടി താങ്കൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ആത്മ അംഗങ്ങളുടെ വികാരം താങ്കളെ അറിയിക്കുക എന്ന പ്രസിഡന്റ് കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഈ തുറന്ന കത്ത്.

ആത്മക്കുവേണ്ടി

ജനറൽ സെക്രട്ടറി,

ദിനേശ് പണിക്കർ

Content Highlights: TV actors association ATMA against Prem Kumar endosulfan remark

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us