ഒരിടയ്ക്ക് റീമേക്കുകളും ബിയോപിക്കുകളും ബോളിവുഡിനെ അടക്കി വാണിരുന്ന സമയമുണ്ടായിരുന്നു. തുടർച്ചയായുള്ള ഈ ട്രെൻഡ് ഹിന്ദി സിനിമയെ കൊണ്ടെത്തിച്ചത് പരാജയങ്ങളുടെ പടുകുഴിയിലേക്കാണ്. എന്നാലിപ്പോൾ ബോളിവുഡിൽ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. റീമേക്ക് ട്രെൻഡിന് ശേഷം ഇപ്പോൾ ഹിന്ദിയിൽ സീക്വലുകളുടെ സമയമാണ്. സുപ്പർതാരങ്ങളുടേതുൾപ്പടെ നിരവധി സീക്വലുകളാണ് ഹിന്ദി സിനിമയിൽ നിന്ന് ഇനി പുറത്തിറങ്ങാനുള്ളത്.
ഒരിടവേളക്ക് ശേഷം ഷാരൂഖ് ഖാനെ പഴയ പ്രതാപത്തിൽ തിരിച്ചുകൊണ്ടുവന്ന സിനിമയായിരുന്നു 'പത്താൻ'. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം 1000 കോടിക്ക് മുകളിലാണ് ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയത്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഷാരൂഖിനൊപ്പം തന്നെ ഒരു സൽമാൻ ഖാൻ ചിത്രത്തിന്റെ സീക്വലും പുറത്തിറങ്ങാനൊരുങ്ങുകയാണ്. 'കിക്ക്' എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയി 2014 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമാണ് 'കിക്ക്'. മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
ആമിർ ഖാനെ നായകനാക്കിയും അണിയറയിൽ ഒരു വമ്പൻ സീക്വൽ ഒരുങ്ങുന്നുണ്ട്. സൂര്യ നായകനായ 'ഗജിനി'യുടെ ഹിന്ദി റീമേക്കിൽ ആമിർ ഖാനായിരുന്നു പ്രധാന വേഷത്തിൽ എത്തിയിരുന്നത്. വലിയ വിജയം നേടിയ സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു എന്ന് വാർത്തകളുണ്ട്. നിർമാതാവായ അല്ലു അരവിന്ദ് രണ്ടാം ഭാഗത്തിനായുള്ള വർക്കിലേക്ക് കടന്നെന്നും ചിത്രത്തിൽ ആമിറിനൊപ്പം സൂര്യയും പ്രധാന വേഷത്തിൽ എത്തുമെന്ന് പിങ്ക്വില്ല പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് സീക്വലുകളാണ് ഇനി അജയ് ദേവ്ഗണിന്റെതായി പുറത്തിറങ്ങാനുള്ളത്. ദേ ദേ പ്യാർ 2, റെയ്ഡ് 2, സൺ ഓഫ് സർദാർ 2 , ശെയ്ത്താൻ 2 എന്നിവയാണ് ആ ചിത്രങ്ങൾ. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങാനിരിക്കുന്ന 'വാർ 2' ആണ് ഹൃത്വിക് റോഷന്റെ പുറത്തിറങ്ങാനുള്ള രണ്ടാം ഭാഗം. ബോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് കാർത്തിക് ആര്യൻ. നിരവധി ബോക്സ് ഓഫീസ് വിജയങ്ങളിലൂടെ ഇതിനോടകം കാർത്തിക് പ്രേക്ഷക മനസിൽ ഇടം പിടിച്ചുകഴിഞ്ഞു. പതി പത്നി ഔർ വോ 2, സോനു കെ ടിറ്റു കി സ്വീറ്റി 2, ആഷിഖി 3, ഭൂൽ ഭുലയ്യ 4 എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള കാർത്തിക് ആര്യൻ സിനിമകൾ.
നിരവധി പരാജയങ്ങൾക്ക് ശേഷം വലിയ തിരിച്ചുവരവിനൊരുങ്ങുന്ന അക്ഷയ് കുമാറിനെ നായകനാക്കിയും സീക്വലുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജോളി എൽഎൽഎൽബി 3, വെൽക്കം ടു ജംഗിൾ, ഭാഗം ഭാഗ് 2 എന്നിവയാണ് അവ. ഇതുകൂടാതെ രൺബീർ കപൂർ, രൺവീർ സിങ്, ടൈഗർ ഷ്‌റോഫ്, വരുൺ ധവാൻ തുടങ്ങിയ താരങ്ങളുടേതായും അണിയറയിൽ സീക്വലുകൾ ഒരുങ്ങുന്നുണ്ട്.
Content Highlights: Big Sequels are being made in bollywood including Pathaan 2, Kick 2