നെറ്റ്ഫ്ലിക്‌സും ദുൽഖർ ഭരിക്കുന്നു; ആദ്യവാരം അഞ്ച് മില്യൺ കാഴ്ചക്കാരുമായി ലക്കി ഭാസ്കർ

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യൻ സിനിമ എന്ന റെക്കോർഡും ലക്കി ഭാസ്കർ സ്വന്തമാക്കി

dot image

ദുൽഖർ സൽമാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ലാക്കി ഭാസ്കർ. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ഒരു വാരം പിന്നിടുമ്പോൾ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റെക്കോർഡ് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമ ഇതിനകം നെറ്റ്ഫ്ലിക്സിൽ 5.1 മില്യൺ വ്യൂസാണ് നേടിയിരിക്കുന്നത്. ഇതോടെ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യൻ സിനിമ എന്ന റെക്കോർഡും ലക്കി ഭാസ്കർ സ്വന്തമാക്കിയതായി ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി രൂപയിലധികം നേടിയിട്ടുണ്ട്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ഒടിടി റിലീസിന് ശേഷവും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

സിനിമ ഇതിനകം തമിഴ്‌നാട്ടിൽ നിന്ന് 15 കോടിയിലധികം രൂപ നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ശിവകാർത്തികേയൻ ചിത്രം അമരൻ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ്‌ ലക്കി ഭാസ്കറിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. അതേസമയം, ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്.

മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.

Content Highlights: Dulquer Salmaan movie Lucky Bhaskar 5.1 Million Views for first week in Netflix

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us