സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ 2 ദി റൂൾ'. റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ രശ്‌മിക മന്ദാന പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന ഗ്രാൻഡ് പ്രീ-റിലീസ് ഇവൻ്റിൽ നടി ധരിച്ച സാരിയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. പുഷ്പ, ശ്രീവല്ലി പേരുകൾ പ്രിന്റ് ചെയ്ത പർപ്പിൾ നിറത്തിലുള്ള സാരിയിലാണ് ഇപ്പോൾ ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്.
പുഷ്പയും ശ്രീവല്ലിയും നിങ്ങളിലേക്ക് ഉടൻ എത്താൻ പോകുന്നുവെന്ന സന്തോഷത്തിലാണ് ഞാൻ, അതുകൊണ്ട് തന്നെ സന്തോഷം നിറഞ്ഞ ചിത്രങ്ങൾ മാത്രമാണ് പങ്കുവെക്കുന്നതെന്നാണ് രശ്‌മിക ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ക്യൂട്ടസ്റ്റ് ശ്രീവല്ലി, അതി മനോഹരം, നാഷണൽ ക്രഷ് എന്നിങ്ങനെ ആരാധകരുടെ സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രം വൺ മില്യൺ ലൈക്സ് വാങ്ങി കൂട്ടിയിട്ടുണ്ട്.
അതേസമയം, ചിത്രം ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്.
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.
Content Highlights: Rashmika's sari made waves on social media