അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തെലങ്കാന ഹൈക്കോടതി തള്ളി. ചന്ദനക്കടത്തും അക്രമവും മഹത്വല്‍ക്കരിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും ആരോപിച്ചാണ് സരരാപു ശ്രീശൈലം എന്ന യുവാവ് കോടതിയിൽ ഹര്‍ജി നല്‍കിയത്. സിനിമയുടെ റിലീസ് തടയണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
സിനിമയുടെ റിലീസിന് മൂന്ന് ദിവസം മുമ്പ് സമര്‍പ്പിച്ച ഹര്‍ജിയിലെ ഉദ്ദേശത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചു. കോടതിയുടെ സമയം പാഴാകുന്നതിനെതിരെ മുന്നറിയിപ്പും നല്‍കി. വ്യക്തമായ തെളിവുകളില്ലാതെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടീസറിനെ മാത്രമാണ് ഹര്‍ജിക്കാരന്‍ ആശ്രയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഇവ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ ഹര്‍ജി തള്ളിക്കൊണ്ട് പറഞ്ഞു. ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ സിനിമയുടെ റിലീസ് നിര്‍ത്തിവയ്ക്കുന്നത് നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ദോഷം ചെയ്യുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനെതിരേ കോടതി പിഴയിട്ടു. ഈ തുക മനുഷ്യക്കടത്തില്‍ നിന്ന് അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് പുഷ്പ 2ന് റിലീസ് അനുമതി നല്‍കിയതാണെന്നും സിനിമാട്ടോഗ്രാഫി നിയമത്തിനും അനുബന്ധ നിയമങ്ങള്‍ക്കും അനുസൃതമായി അഞ്ച് പരിഷ്‌കരണങ്ങളോടെയാണ് ചിത്രത്തിന് അംഗീകാരം നല്‍കിയിട്ടുള്ളതെന്നും ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഗാഡി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
അതേസമയം, ചിത്രം ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസിൽ മികച്ച അനുഭവം നൽകുമെന്നാണ് ആരാധകർ പ്രതീഷിക്കുന്നത്.
Content Highlights: The court fined the youth who petitioned to block the release of Pushpa 2