തിയേറ്റര്‍ സ്പീക്കര്‍ അടിച്ചുപോകില്ല, പുഷ്പ 2 മിക്‌സിങ് ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡില്‍: റസൂല്‍ പൂക്കുട്ടി

"പുഷ്പ 2 വിലൂടെ പ്രേക്ഷകര്‍ക്ക് ഒരു ട്രൂ ഓഡിയോ വിഷ്വല്‍ എക്‌സീപിരിയന്‍സ് കൊടുക്കണം"

dot image

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്പ 2 ദി റൂൾ'. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് മിക്‌സിങ് ടീം പങ്കുവെച്ചിരിക്കുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് മിക്‌സിങ് ടീമില്‍ ഉള്‍പ്പെട്ട റസൂല്‍ പൂക്കുട്ടി, എം.ആര്‍. രാജകൃഷ്ണന്‍, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'സാധാരണ ഒരു കൊമേഴ്‌സ്യല്‍ സിനിമ മിക്‌സ് ചെയ്യുമ്പോള്‍ മിക്‌സിങ് എന്‍ജിനിയേഴ്‌സ് ചിന്തിക്കുന്നത് തിയേറ്റററില്‍ ചിലപ്പോള്‍ ലെവല്‍ കുറയ്ക്കും അതിനാല്‍ നമ്മള്‍ കൂട്ടണം എന്നാണ്. അതിനുസരിച്ച് തിയേറ്ററില്‍ പിന്നേയും കുറയ്ക്കും, എന്‍ജിനിയേഴ്‌സ് കൂട്ടും. പക്ഷേ ഒരു ഹോളിവുഡ് സിനിമ വന്നാല്‍ തിയേറ്ററില്‍ കൃത്യമായി ഡോള്‍ബി സ്റ്റാന്‍ഡേര്‍ഡ് ലെവല്‍ 7 എല്ലാ തിയേറ്ററുകളും പ്ലേ ചെയ്യും.

ഈ ഒരു വാറില്‍ നഷ്ടപ്പെട്ടുപോകുന്നത് ഓഡിയന്‍സിന് ഒരു ട്രൂ ഓഡിയോ വിഷ്വല്‍ സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ ഈ ലൗഡ്‌നെസ് വാര്‍ നിര്‍ത്തുകയാണ്. പുഷ്പ 2 ലെവല്‍ 7-ല്‍ ആണ് മിക്‌സ് ചെയ്തിരിക്കുന്നത്. തിയേറ്റര്‍ ഉടമകള്‍ക്ക് സ്പീക്കര്‍ അടിച്ചുപോകുമെന്ന് പേടിക്കേണ്ട. പ്രേക്ഷകര്‍ക്ക് ഒരു ട്രൂ ഓഡിയോ വിഷ്വല്‍ എക്‌സീപിരിയന്‍സ് കൊടുക്കണം എന്നാണ് തിയേറ്റര്‍ ഉടമകളോട് ഞങ്ങളുടെ ഈ ടീമിന്റെ റിക്വസ്റ്റ്', റസൂൽ പൂക്കുട്ടി പറഞ്ഞു.

അതേസമയം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിട്ടുണ്ട്. 'പുഷ്പ ദ റൂൾ' ഡിസംബർ അഞ്ച് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്.

Content Highlights:  Resul Pookutty on Sound Mixing in Pushpa 2

dot image
To advertise here,contact us
dot image