കങ്കുവയുടെ പരാജയത്തിന് ശേഷം സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 45. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ നടി തൃഷയും ജോയിൻ ചെയ്തിരിക്കുകയാണ്. 20 വർഷത്തിന് ശേഷമാണ് സൂര്യയും തൃഷയും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. തൃഷ സൂര്യ 45 ൽ അഭിനയിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൂര്യയും തൃഷയും അഭിഭാഷകരുടെ വസ്ത്രം ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇതോടെ ഇരുവരുടെയും കഥാപാത്രങ്ങളെ സംബന്ധിച്ച വലിയ അപ്ഡേറ്റ് പുറത്തുവന്നെന്നാണ് ആരാധകർ പറയുന്നത്.
#Suriya45 shooting spot Video
— VINOTH (@kavin7262987536) December 5, 2024
Suriya and #Trisha in advocate role🔥🔥 pic.twitter.com/E10WyD7ZMD
എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'.ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമാണം. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ 35 ദിവസത്തെ ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
മൂക്കുത്തി അമ്മൻ പോലെ ഒരു ഡിവോഷണൽ ഫാന്റസി ചിത്രമാണ് സൂര്യ 45 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. 'സൂര്യ 45'ന്റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് ആർ ജെ ബാലാജി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള എ ആർ റഹ്മാന്റെ നാലാം ചിത്രമാണിത്. നേരത്തെ ആയുധ എഴുത്ത്, സില്ലുനു ഒരു കാതൽ, 24 എന്നീ സൂര്യ ചിത്രങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുള്ളത്.
Content Highlights: Suriya and Trisha movie Suriya 45 location pics out