ഷാരൂഖും പ്രഭാസും മുട്ടുമടക്കി, 2024 ലെ ജനപ്രിയ അഭിനേതാക്കളുടെ IMDB ലിസ്റ്റിൽ ഒന്നാമതെത്തി തൃപ്തി ദിമ്രി

ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്വീകാര്യത നേടിയ പ്രഭാസ് ലിസ്റ്റിൽ അവസാന സ്ഥാനത്താണ്

dot image

2024 ലെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രശസ്ത സിനിമാ വെബ്സൈറ്റ് ആയ ഐഎംഡിബി. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള അഭിനേതാക്കളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനെയും പ്രഭാസിനെയും പിന്തള്ളി നടി തൃപ്തി ദിമ്രിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. നിലവിൽ ഷാരൂഖ് നാലാം സ്ഥാനത്തും പ്രഭാസ് പത്താം സ്ഥാനത്തുമാണ്.

അനിമൽ എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് തൃപ്തി ദിമ്രി. ലൈല മജ്നു എന്ന റീ റിലീസ് ചിത്രമുൾപ്പടെ നാല് സിനിമകളാണ് തൃപ്തിയുടേതായി ഈ വർഷം റിലീസിനെത്തിയത്. ബാഡ് ന്യൂസ്, വിക്കി വിദ്യ കാ വോ വാല വീഡിയോ, ഭൂൽ ഭുലയ്യ 3 എന്നിവയാണവ. ഇതിൽ 'ഭൂൽ ഭുലയ്യ 3' 400 കോടിക്കും മുകളിൽ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. 'ധടക്ക് 2' ആണ് ഇനി പുറത്തിറങ്ങാനുള്ള തൃപ്തിയുടെ ചിത്രം.

ദീപിക പദുകോൺ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ഫൈറ്റർ, സിംഗം എഗെയ്ൻ, കൽക്കി 2898 എഡി എന്നിവയാണ് ദീപികയുടേതായി 2024 ൽ പുറത്തുവന്ന സിനിമകൾ. ഇതിൽ പ്രഭാസ് ചിത്രമായ കൽക്കി ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. 1000 കോടിക്ക് മുകളിലാണ് സിനിമ വാരികൂട്ടിയത്. ചിത്രത്തിലെ ദീപികയുടെ പ്രകടനം മികച്ച പ്രതികരണം നേടിയിരുന്നു. ദി പെർഫെക്റ്റ് കപ്പിൾ എന്ന ഹോളിവുഡ് സീരിസിലെ പ്രകടനത്തിലൂടെ നടൻ ഇഷാൻ ഖട്ടർ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ ആണ് ലിസ്റ്റിൽ നാലാമതുള്ള താരം. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ഡങ്കി ആണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 2024 ൽ ഷാരൂഖിന്റേതായി സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല. നടി ശോഭിത ധൂലിപാല ആണ് ലിസ്റ്റിൽ അഞ്ചാമതുള്ളത്. ഹോളിവുഡ് ചിത്രമായ മങ്കി മാൻ, ലവ് സിതാര എന്നിവയാണ് ശോഭിത ധൂലിപാലയുടെ ഈ വർഷത്തെ സിനിമകൾ.

ശർവരി, ഐശ്വര്യ റായ് ബച്ചൻ എന്നിവരാണ് ആറും ഏഴും സ്ഥാനത്തുള്ള അഭിനേതാക്കൾ. മുഞ്ജ്യ, മഹാരാജ്, വേദ എന്നീ മൂന്ന് സിനിമകളിലൂടെ ഈ വർഷം മിന്നും പ്രകടനമാണ് ശർവരി കാഴ്ചവെച്ചത്. സാമന്ത എട്ടാം സ്ഥാനത്തും ആലിയ ഭട്ട് ഒൻപതാം സ്ഥാനത്തുമാണ്. രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ സീരീസ് സിറ്റാഡൽ ഹണി ബണ്ണി ആണ് സാമന്തയുടെ ഈ വർഷത്തെ പ്രൊജക്റ്റ്. വാസൻ ബാല സംവിധാനം ചെയ്ത ജിഗ്‌റയാണ് അവസാനം റിലീസായ ആലിയ ചിത്രം. സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്വീകാര്യത നേടിയ പ്രഭാസ് ലിസ്റ്റിൽ അവസാന സ്ഥാനത്താണ്. കൽകിയാണ് ഈ വർഷം പുറത്തിറങ്ങിയ ഏക പ്രഭാസ് ചിത്രം.

Content Highlights: Tripti Dimri beats Shahrukh Khan and Prabhas in IMDB most popular actor list

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us