അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വിടാമുയർച്ചി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഫുൾ സ്വിങ്ങിൽ നടന്നുകൊണ്ടിരിക്കുകയാണ്. അജിത്തും തന്റെ ഭാഗത്തിന്റ ഡബ്ബിങ് ആരംഭിച്ചിരിക്കുകയാണ്.
ഇതിനൊപ്പം തന്നെ ഈ മാസം രണ്ടാം വാരത്തോടെ സിനിമയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണം നടക്കും. വളരെ ചെറിയ ഷെഡ്യൂളാണിത്. ഇതോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് ഡി ടി നെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം പൊങ്കൽ റിലീസായി ജനുവരിയിൽ വിടാമുയർച്ചി തിയേറ്ററിലെത്തും. ടീസറിൽ അജിത്തിനൊപ്പം സിനിമയിലെ മറ്റു അഭിനേതാക്കളെയും കാണിക്കുന്നുണ്ട്. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Ajith Kumar begins dubbing for Vidaamuyarchi