അല്ലു അർജുൻ നായകനായെത്തിയ ചിത്രം പുഷ്പ 2 ആഗോളതലത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് റെക്കോർഡ് കളക്ഷനാണ് ലഭിക്കുന്നത്. എന്നാൽ സൗദി അറേബ്യയിൽ പ്രദർശിപ്പിച്ച പതിപ്പിൽ നിന്ന് 'ജാതര' സീക്വൻസ് നീക്കം ചെയ്തതായുള്ള വാർത്തകളാണ് വരുന്നത്.
സൗദിയിലെ സെൻസർ ബോർഡ് ഈ രംഗത്തെ ശക്തമായി എതിർത്തെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിൽ ദേവതയുടെ വേഷത്തിൽ അല്ലു അർജുൻ എത്തുന്നതും തുടർന്ന് ഒരു നൃത്തരംഗവും ഒരു സംഘട്ടന രംഗവുമുണ്ട്. സിനിമയിൽ ഹിന്ദു ദൈവങ്ങളെ കുറിച്ച് വ്യാപകമായ പരാമർശങ്ങളുണ്ടെന്നതും ബോർഡ് നിരീക്ഷിച്ചു. ഈ കാരണത്തിൽ 19 മിനിറ്റോളമുള്ള രംഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിനിമയിലെ സുപ്രധാനമായ രംഗങ്ങളിൽ ഒന്നാണ് ഇത് എന്നത് ശ്രദ്ധേയമാണ്. ഈ രംഗങ്ങളിലെ ആക്ഷൻ സീക്വൻസുകൾക്ക് മാത്രം 75 കോടിയോളം രൂപ ചെലവഴിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു.
അതേസമയം ഇന്ത്യൻ ബോക്സ് ഓഫീസിൽ സിനിമ മിന്നും പ്രകടനമാണ് ആദ്യദിനത്തിൽ കാഴ്ചവെച്ചത്. പുഷ്പ 2 ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 175.1 കോടി നേടിയെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം 95.1 കോടിയോളം രൂപ നേടിയപ്പോൾ ഹിന്ദി പതിപ്പിന്റെ ആദ്യദിന കളക്ഷൻ 67 കോടിയാണ്. ഇതോടെ ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നീ സിനിമകളുടെ റെക്കോർഡുകളാണ് പുഷ്പ 2 വലിയ മാർജിനിൽ മറികടന്നിരിക്കുന്നത്. ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നിവയ്ക്ക് യഥാക്രമം 133 കോടി, 121 കോടി, 116 കോടിയുമാണ് ആദ്യദിനത്തിൽ ലഭിച്ചത്.
ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Pushpa 2 Jathara sequence censored in Saudi Arabia