'താഴത്തില്ലഡാ..'; ബാഹുബലിക്ക് റെസ്റ്റ് എടുക്കാം, 'മല്ലു' അർജുൻ കേരളാ ബോക്സ് ഓഫീസിൽ വരവ് അറിയിച്ചു

കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി പുഷ്പ 2 മാറി

dot image

അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളികൾക്കിടയിൽ അല്ലുവിന് വലിയ സ്വീകാര്യതയുള്ളതിനാൽ തന്നെ സിനിമയ്ക്ക് കേരളത്തിൽ വമ്പൻ റിലീസാണ് ലഭിച്ചത്. ഇപ്പോഴിതാ കേരളാ ബോക്സ് ഓഫീസിൽ നിന്ന് സിനിമ വമ്പൻ തുക തന്നെ നേടിയതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

കേരളത്തിൽ നിന്ന് സിനിമ 6.20 കോടി രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രമായി പുഷ്പ 2 മാറി. നേരത്തെ ഈ റെക്കോർഡ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത പ്രഭാസ് ചിത്രം ബാഹുബലി 2ന്റെ പേരിലായിരുന്നു. 5.45 കോടിയായിരുന്നു ബാഹുബലി 2 ആദ്യദിനത്തിൽ കേരളത്തിൽ നിന്നും നേടിയത്.

ഇന്ത്യൻ ബോക്സ് ഓഫീസ് മുഴുവൻ എടുത്ത് നോക്കിയാൽ റെക്കോർഡ് കളക്ഷനാണ് പുഷ്പ 2 ആദ്യദിനത്തിൽ നേടിയിരിക്കുന്നത്. പുഷ്പ 2 ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 175.1 കോടി നേടിയെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാത്രം 95.1 കോടിയോളം രൂപ നേടിയപ്പോൾ ഹിന്ദി പതിപ്പിന്റെ ആദ്യദിന കളക്ഷൻ 67 കോടിയാണ്. ഇതോടെ ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നീ സിനിമകളുടെ റെക്കോർഡുകളാണ് പുഷ്പ 2 വലിയ മാർജിനിൽ മറികടന്നിരിക്കുന്നത്. ആർആർആർ, ബാഹുബലി 2 , കെജിഎഫ് 2 എന്നിവയ്ക്ക് യഥാക്രമം 133 കോടി, 121 കോടി, 116 കോടിയുമാണ് ആദ്യദിനത്തിൽ ലഭിച്ചത്.

ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 പുറത്തിറങ്ങിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Pushpa 2 record first day collection from Kerala Box Office

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us