മോഹൻലാൽ ശോഭന കോംബോയിൽ തരുൺ മൂർത്തി സംവിധാനം ചെയുന്ന ചിത്രമാണ് തുടരും. ചിത്രത്തിന്റെ അടുത്തിടെ ഇറങ്ങിയ പോസ്റ്ററുകൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും വലിയ രീതിയിൽ ചിത്രത്തിന് ഹൈപ്പ് കൂട്ടുകയും ചെയ്തിരുന്നു. സാധാരണ ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തുന്ന ചിത്രത്തെ ചുറ്റിപറ്റി ആരാധകരിൽ ചർച്ചകൾ സജീവമാണ്. ചിത്രത്തെക്കുറിച്ച് ആരും ഒന്നും ഊഹിച്ചും മെനഞ്ഞും കൂട്ടണ്ടയെന്നും അത് നിങ്ങൾക്ക് തന്നെ ബാധ്യതയാകുമെന്ന് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി.
മോഹൻലാലിനൊപ്പമുള്ള ചിത്രീകരണ അനുഭവവും സിനിമയുടെ ബിഹൈൻഡ് സീനും ഉൾക്കൊള്ളിച്ചുള്ള വീഡിയോ പങ്കുവെച്ചാണ് സംവിധായകൻ ഇക്കാര്യം പറയുന്നത്. താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രീതിയിൽ ലാലേട്ടനെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് സന്തോഷമെന്നും സിനിമ എങ്ങനയെയാണ് തുന്നികെട്ടിയിരിക്കുന്നതെന്ന് കാണാൻ റിലീസ് വരെ കാത്തിരിക്കേണ്ടി വരുമെന്നും തരുൺ മൂർത്തി പറഞ്ഞു. ശോഭനയുടെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത സിനിമയായിരിക്കും ഇതെന്നാണ് നിർമാതാവ് എം രഞ്ജിത്ത് പറഞ്ഞിരുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.
Content Highlights: Tharun moorthy about mohanlal movie thudarum