വെട്രിമാരന്‍ സംവിധാനം ചെയ്ത് ഏറെ പ്രശംസ നേടിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ഇളയരാജയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ വർക്കുകൾ പൂർത്തിയായി എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ നിർമാതാവ് എൽറെഡ് കുമാർ സന്താനവും സംവിധായകൻ വെട്രിമാരനും ഇളയരാജയ്ക്കൊപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെ സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാകും രണ്ടാം ഭാഗവും എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രത്തിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനായി ഡീ ഏജിങ് ഉപയോഗിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രം ഡിസംബർ 20 ന് തിയേറ്ററുകളിലെത്തും.
The legendary @ilaiyaraaja completes the background score for #ViduthalaiPart2! Producer @elredkumar & Dir #VetriMaaran expressed their gratitude to maestro for his magical contribution, taking the film’s music to unparalleled heights. #ViduthalaiPart2FromDec20@VijaySethuOffl… pic.twitter.com/MowvvliAuk
— Yuvraaj (@proyuvraaj) December 6, 2024
ചിത്രത്തിന്റെ കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വൈഗ മെറിലാന്‍ഡ് റിലീസ് ആണ്. 82 ഓളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രം. ചിത്രത്തിൽ സൂരി, വിജയ് സേതുപതി എന്നിവർക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.
സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ആദ്യ ഭാഗം വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.
Content Highlights: Viduthalai 2 BGM works completed