വിന്റേജ് ലാലേട്ടന്‍ മാത്രമല്ല, ആ ഹിറ്റ് പാട്ടുകാരനുമുണ്ട് ; 'തുടരും' ഫോട്ടോ പുറത്തുവിട്ട് ജേക്ക്‌സ് ബിജോയ്

ജേക്സ് ബിജോയ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് മോഹന്‍ലാല്‍ ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയിരിക്കുന്നത്

dot image

മോഹന്‍ലാലിന്റെ സാധാരണക്കാരന്‍ കഥാപാത്രത്തെ കാണാനുള്ള ആഗ്രഹവുമായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന ചിത്രങ്ങളും ലൊക്കേഷന്‍ വീഡിയോകളുമെല്ലാം മോഹന്‍ലാലിന്‍റെ മുന്‍കാല കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു.
വിന്റേജ് ലാലേട്ടനെ തിരികെ കൊണ്ടുവരൂ എന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആവശ്യപ്പെടുന്ന ഒരു കൂട്ടം ആരാധകര്‍ ഇവയെല്ലാം ആഘോഷമാക്കിയിരുന്നു.

അടുത്ത കാലത്തായി ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചതില്‍ ഭൂരിഭാഗവും എന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. എന്നാല്‍ പഴയ കാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളല്ല, പുതുമയുള്ള മികച്ച വേഷങ്ങളാണ് നടനില്‍ നിന്നും ആഗ്രഹിക്കുന്നതെന്ന് പറയുന്നവരും ഏറെയാണ്.

എന്തായാലും വിന്റേജ് ലാലേട്ടനെ കാത്തിരിക്കുന്നതവരുടെ ഹൃദയം നിറയ്ക്കുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ 'തുടരും' ടീം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനായി എം.ജി ശ്രീകുമാര്‍ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ചിത്രമാണ് സംഗീതസംവിധായകന്‍ ജേക്ക്‌സ് ബിജോയ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്.

'As vintage as it gets. The Combo' എന്ന ക്യാപ്ഷനോടെയാണ് ജേക്സ് ചിത്രം പങ്കുവെച്ചത്. ഈ വാക്കുകള്‍ കൂടിയായതോടെ വിന്റേജ് ലാലേട്ടന്‍ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. മോഹന്‍ലാലിന് ഏറ്റവും ചേരുന്ന പിന്നണി ഗായകസ്വരമായാണ് എം.ജി ശ്രീകുമാറിന്റെ ശബ്ദത്തെ സിനിമാപ്രേമികള്‍ വിലയിരുത്തുന്നത്.

എം.ജി ശ്രീകുമാറിന്റെ ശബ്ദത്തില്‍ മോഹന്‍ലാല്‍ സക്രീനില്‍ 'പാടി' ഹിറ്റാക്കിയ പാട്ടുകളുടെ വലിയൊരു നിര തന്നെ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുതിയ ചേര്‍ത്തുവെക്കാലാകും 'തുടരും' എന്ന ചിത്രത്തിലെ ഗാനമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

Content Highlight: MG Sreekumar sings for Mohanlal's Thudarum movie, new update by Jakes Bejoy

dot image
To advertise here,contact us
dot image